News - 2024

കത്തോലിക്ക വിദ്യാലയങ്ങളിൽ എൽജിബിടി പതാക ഉയർത്തുന്നതിനെതിരെ മെത്രാൻ

പ്രവാചകശബ്ദം 26-05-2023 - Friday

ലണ്ടൻ (കാനഡ): കത്തോലിക്ക വിദ്യാലയങ്ങളിൽ എൽജിബിടി പതാക ഉയർത്തുന്നതിനെതിരെ കാനഡയിലെ ലണ്ടൻ രൂപത മെത്രാൻ റൊണാൾഡ് ഫാബ്രോ രംഗത്ത്. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി അടുത്തിടെ നിരവധി വ്യക്തികൾ തന്റെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നുവെന്നും, അതിനാലാണ് വ്യക്തത വരുത്താനായി പ്രസ്താവന ഇറക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. പ്രൈഡ് ഫ്ലാഗ് എന്ന് വിളിക്കുന്ന എൽജിബിടി പതാക പ്രൈഡ് പ്രസ്ഥാനത്തെയും, എൽജിബിടി സമൂഹത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബിഷപ്പ് റൊണാൾഡ് ഫാബ്രോ ചൂണ്ടിക്കാട്ടി. നിരവധിപേരെ സംബന്ധിച്ച് ഇത് ആളുകളെ ഉൾക്കൊള്ളുന്നതിനെയും, സ്വാഗതം ചെയ്യുന്നതിനെയുമാണ് സൂചിപ്പിക്കുന്നത്. നാം ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ആളുകളെ സ്വാഗതം ചെയ്യുന്നതും, അവരെ ബഹുമാനിക്കുന്നതും സഭയെ സംബന്ധിച്ച് ഒരു ഉത്തരവാദിത്തമാണ്.

എന്നാൽ എൽജിബിടി സമൂഹത്തിന്റെ ചിന്താഗതികളോട് കത്തോലിക്ക സഭക്ക് വിയോജിപ്പുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കി. നിരവധി ആളുകളെ സംബന്ധിച്ച് എൽജിബിടി പതാക ഉയർത്തുന്നത് കത്തോലിക്ക സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമായ ചിന്താഗതികൾക്ക് പിന്തുണ നൽകുന്നത് പോലെയാണ്. കത്തോലിക്ക പ്രബോധനങ്ങളിൽ പരിശീലനം ലഭിക്കുമെന്നും, അത് വിദ്യാലയത്തിലെ എല്ലാ കാര്യങ്ങളിലും ഉൾചേർന്നിട്ടുണ്ടെന്നുമുളള വിശ്വാസത്തിലാണ് ഒരു കത്തോലിക്ക വിദ്യാലയത്തിലേക്ക് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അയക്കുന്നതെന്ന് ബിഷപ്പ് ഫാബ്രോ എടുത്തുപറഞ്ഞു.

ഒന്‍റാരിയോ മെത്രാന്മാർ കത്തോലിക്കാ വിദ്യാലയങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുകയും, വിദ്യാലയങ്ങളിലെ അധികൃതരോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്ക വിദ്യാലയങ്ങൾക്ക് പിന്തുണ നൽകുന്ന മാതാപിതാക്കൾക്ക് നന്ദി പറഞ്ഞ ബിഷപ്പ് റൊണാൾഡ് ഫാബ്രോ വിദ്യാലയങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്കും, കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നവർക്കും കൃതജ്ഞത രേഖപ്പെടുത്തി. കാനഡയിലെ ചില കത്തോലിക്ക സ്കൂളുകളില്‍ എല്‍‌ജി‌ബി‌ടി പതാക ഉയര്‍ത്തിയത് വിമര്‍ശനത്തിന് കാരണമായിരിന്നു.


Related Articles »