Faith And Reason - 2024

കന്ധമാല്‍ കലാപത്തെ തുടര്‍ന്ന് പലായനം ചെയ്ത കുടുംബത്തിലെ പെണ്‍കുട്ടി ഇന്ന് ക്രിസ്തുവിന്റെ പ്രിയ സന്യാസിനി

പ്രവാചകശബ്ദം 30-05-2023 - Tuesday

കന്ധമാല്‍: മണിപ്പൂരിലെ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊടിയ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ ഒഡീഷയിലെ കന്ധമാലില്‍ നിന്നും പ്രത്യാശ പകരുന്ന വാര്‍ത്ത. 2008-ല്‍ കന്ധമാലില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തേത്തുടര്‍ന്ന്‍ പലായനം ചെയ്ത കുടുംബത്തിലെ പെണ്‍കുട്ടി സന്യാസവൃത വാഗ്ദാനം നടത്തി ഈശോയുടെ പ്രിയ ദാസിയായ വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. അന്ന് ക്രൈസ്തവര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ പങ്കെടുത്ത ഹിന്ദുക്കള്‍ വരെ വ്രതവാഗ്ദാന ചടങ്ങില്‍ പങ്കെടുത്തുവെന്നത് ഏറെ ശ്രദ്ധേയമാണ്. കലാപത്തില്‍ ചെറുപ്പത്തില്‍ തന്നെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബത്തിലെ സനോമിന കന്‍ഹാര്‍ എന്ന പെണ്‍കുട്ടിയാണ് ഒന്നര പതിറ്റാണ്ടിന് ശേഷം കര്‍ത്താവിന്റെ മണവാട്ടിയായി സന്യാസവസ്ത്രം സ്വീകരിച്ചത്.

കന്ധമാല്‍ ജില്ലയിലെ സാദിന്‍ഗിയ ഗ്രാമത്തിലാണ് സനോമിനയുടെ വീട്. ഗ്രാമത്തിലെ ഏക ക്രിസ്ത്യന്‍ കുടുംബം സനോമിനയുടേതായിരുന്നു. 2008-ലെ കന്ധമാല്‍ കലാപത്തിനിടയില്‍ സനോമിനയുടെ പിതാവായ കുമാറിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നുവെന്നു കന്ധമാലിലെ ജന വികാസ് എന്ന സാമൂഹ്യ സേവന കേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. മദന്‍ സിംഗ് പറഞ്ഞു. ആ സമയത്ത് സനോമിനക്ക് വെറും 5 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് അവരെ ആക്രമിച്ച ഹിന്ദുത്വവാദികള്‍ അവരുടെ വീടും കൃഷിയിടവും നശിപ്പിക്കുകയും 12 ആടുകളെയും 4 പശുക്കളെയും മോഷ്ടിക്കുകയും ചെയ്തു.

ക്രിസ്തുവിനെ തള്ളി പറയുവാന്‍ ഹിന്ദുത്വവാദികള്‍ കുമാറിനോട് ആവശ്യപ്പെട്ടെങ്കിലും, തനിക്ക് ജീവനും വിശ്വാസവും തന്ന കര്‍ത്താവിനെ ഉപേക്ഷിക്കില്ലെന്നും, പകരം മരിക്കുവാന്‍ തയ്യാറാണെന്നുമായിരുന്നു കുമാറിന്റെ മറുപടി. അതേതുടര്‍ന്ന്‍ സ്വത്തുവകകളെല്ലാം ഉപേക്ഷിച്ച് ഭാര്യയും മൂന്ന്‍ മക്കളുമായി കുമാര്‍ ഗ്രാമം ഉപേക്ഷിക്കുകയായിരുന്നു. മദര്‍ തെരേസയുടെ സന്യാസിനികള്‍ ഭൂവനേശ്വറില്‍ നടത്തിവന്നിരുന്ന അഭയകേന്ദ്രത്തിലാണ് കുമാറും കുടുംബവും അഭയം പ്രാപിച്ചത്. പിന്നീട് സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തിയെങ്കിലും ക്രിസ്തു വിശ്വാസത്തില്‍ തുടര്‍ന്നാല്‍ കൊല്ലുമെന്ന് വരെ ഹിന്ദുത്വവാദികള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ വിശ്വാസം ഉപേക്ഷിക്കാതിരുന്ന കുമാര്‍ തന്റെ ഭൂമിയില്‍ കൃഷി തുടരുകയും വീട് പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

മകളുടെ സന്യാസ ജീവിതത്തെ കുറിച്ചുള്ള തെരഞ്ഞെടുപ്പിനെ കുറിച്ച് “ദൈവം എനിക്ക് ഒരു മകളേയാണ് തന്നത്. ഞാന്‍ അവളെ ദൈവ വേലക്കായി നല്‍കുന്നു” എന്നായിരുന്നു കുമാറിന്റെ പ്രതികരണമെന്ന് ഫാ. മദന്‍ സിംഗ് പറയുന്നു. 9 വൈദികരും നിരവധി സന്യാസിനികളും ഉള്‍പ്പെടെ നാനൂറോളം പേര്‍ വ്രതവാഗ്ദാന ചടങ്ങില്‍ പങ്കെടുത്തു. ബാംഗ്ലൂരിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ സന്യാസ സമൂഹാംഗമായാണ് സിസ്റ്റര്‍ സനോമിന സന്യാസ തിരുവസ്ത്രം സ്വീകരിച്ചത്.

2008-ൽ കന്ധമാലില്‍ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു.


Related Articles »