News - 2024

മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം ഇന്ന്

പ്രവാചകശബ്ദം 31-05-2023 - Wednesday

മെൽബണ്‍: ഓസ്ട്രേലിയയിലെ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം ഇന്നു നടക്കും. ഓസ്ട്രേലിയന്‍ സമയം വൈകുന്നേരം അഞ്ചിന് മെൽബണിനടുത്തുള്ള ക്യാമ്പൽ ഫീൽഡിൽ വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്ക ദേവാലയത്തിലാണ് തിരുക്കർമങ്ങൾ നടക്കുക. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ, യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, താമരശേരി ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ഷംഷബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാരും സഹകാർമികരാകും.

മെൽബൺ രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ബിഷപ്പ് മാർ ബോസ്കോ പുത്തൂരിനു യാത്രയയപ്പും നൽകും. സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാർ ജോൺ പനന്തോട്ടത്തിൽ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ 2020 വരെ മാർ ജോൺ പനന്തോട്ടത്തിൽ ക്വീൻസ്ലാന്റിൽ സേവനമനുഷ്ഠിച്ചിരുന്നു.


Related Articles »