News - 2025
തിരുസഭയുടെ സിനഡ് ചരിത്രത്തില്‍ ആദ്യമായി 54 സ്ത്രീകള്‍ക്ക് വോട്ടവകാശം
പ്രവാചകശബ്ദം 12-07-2023 - Wednesday
വത്തിക്കാന്‍ സിറ്റി: 1965-ല്‍ പോള്‍ ആറാമന്‍ പാപ്പ സ്ഥാപിച്ച സിനഡിന്റെ ചരിത്രത്തില്‍ ആദ്യമായി അന്‍പതിലധികം സ്ത്രീകള്‍ക്ക് വോട്ടവകാശം. സിനഡിന്റെ പതിനാറാമത് ജനറല്‍ അസംബ്ലിയില്‍ ചരിത്രത്തില്‍ ആദ്യമായി 54 സ്ത്രീകള്‍ വോട്ട് ചെയ്യും. 2023 ഒക്ടോബര്‍ 4 മുതല്‍ 29 വരെയാണ് ജനറല്‍ അസംബ്ലിയുടെ ആദ്യ സെഷന്‍. സഭയുടെ സാര്‍വത്രികതയുടെ ഒരു പ്രതിഫലനമാണിതെന്നും ദൈവഹിതം വിവേചിച്ചറിയുവാന്‍ സ്ത്രീകളും സഹായിക്കണമെന്നാണ് ചിന്തയെന്നും സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റിന്റെ അണ്ടര്‍ സെക്രട്ടറിയായ മോണ്‍. ലൂയിസ് മാരിന്‍ ഡെ സാന്‍ മാര്‍ട്ടിന്‍ പറഞ്ഞു.
ഇരുപത്തിയഞ്ച് ശതമാനത്തോളം മെത്രാന്മാരല്ലാത്തവരുടെ പ്രാതിനിധ്യമുള്ള സിനഡിന്റെ അംഗങ്ങളുടെയും, പങ്കാളികളുടെയും പട്ടികയില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് പറഞ്ഞ മോണ്‍. ലൂയിസ് മാരിന്‍, ഇത് മെത്രാന്‍മാരുടെ സമ്മേളനം തന്നെയായി തുടരുമെന്നും വ്യക്തമാക്കി. സുപ്പീരിയര്‍ ജനറല്‍ യൂണിയനില്‍ നിന്നും 5 പേരും, പാപ്പ നിര്‍ദ്ദേശിച്ച 6 പേരും, കോണ്ടിനെന്റല്‍ അസംബ്ലികളില്‍ നിന്നുള്ള 42 പേരും, 1 അണ്ടര്‍ സെക്രട്ടറിയുമാണ് വോട്ടവകാശം ലഭിച്ച 54 പേരില്‍ ഉള്‍പ്പെടുന്നതെന്നു സിനഡിന്റെ അണ്ടര്‍ സെക്രട്ടറിയേറ്റ് ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു.
അവസാന പട്ടിക തയ്യാറായി വരുന്നതേയുള്ളുവെങ്കിലും 85 സ്ത്രീകള്‍ സിനഡില്‍ പങ്കെടുക്കുമെന്നു വത്തിക്കാന്‍ വാര്‍ത്താ കാര്യാലയം ഇക്കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. സിനഡില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ല. 'ദൈവജനത്തിന്റെ ഒരുമിച്ചുള്ള യാത്രയില്‍ ചലനാത്മകമായ ഉള്‍പ്പെടുത്തല്‍' എന്ന് ഈ നടപടിയെ വിശേഷിപ്പിച്ച സ്പെയിനിലെ സുലിയാനയിലെ ടൈറ്റുലര്‍ മെത്രാന്‍, അധികാര കേന്ദ്രങ്ങള്‍ കൂടാതെ ദൈവഹിതം അറിയുന്നതിന് കൂടുന്ന സമ്മേളനമായിരിക്കണം സിനഡെന്ന നിര്‍ദ്ദേശവും നല്‍കി. 2021 ഒക്ടോബറില്‍ നടന്ന സിനഡല്‍ പ്രക്രിയകളുടെ ഉദ്ഘാടനത്തില്‍ "സിനഡ് ഒരു പാര്‍ലമെന്റല്ല, സിനഡിന്റെ നായകന്‍ പരിശുദ്ധാത്മാവാണ്” എന്ന്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു.