News - 2024

സാമ്പത്തികമായി അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യാനികളെ വേട്ടയാടി പാക്കിസ്ഥാനിലെ മതനിന്ദ നിയമം: റിപ്പോര്‍ട്ട് ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 14-07-2023 - Friday

ലാഹോർ: മതനിന്ദ നിയമത്തിന്റെ പേരില്‍ കുപ്രസിദ്ധമായ പാക്കിസ്ഥാനില്‍ സാമൂഹിക വിവേചനത്തിനു ഇരയായി രണ്ടാം തരം പൗരന്‍മാരെപ്പോലെ കഴിയുന്ന ക്രൈസ്തവരെ മതനിന്ദാനിയമം വേട്ടയാടുന്നതിനെ കുറിച്ച് ചിക്കാഗോയിലെ ഡിപോള്‍ സര്‍വ്വകലാശാലയിലെ റിലീജിയസ് സ്റ്റഡി വിഭാഗം അഫിലിയേറ്റഡ് ഫാക്കല്‍റ്റിയായ മിറിയം റിനോഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ശ്രദ്ധ നേടുന്നു. ക്രൈസ്തവർ ഉള്‍പ്പെടുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ ജനസംഖ്യയുടെ വെറും 4% മാത്രമേ ഉള്ളുവെങ്കിലും ആരോപിക്കപ്പെട്ട മതനിന്ദ കുറ്റങ്ങളില്‍ പകുതിയോളം അവര്‍ക്കെതിരെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മതനിന്ദ ആരോപിക്കപ്പെട്ടവര്‍ക്ക്, ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ട് 76 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാലയളവില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലാണ് ലോകത്ത് ഏറ്റവും കര്‍ക്കശമായ മതനിന്ദ നിയമം പ്രാബല്യത്തിലിരിക്കുന്നത്. ഒരു പോലീസുകാരന്‍ മതനിന്ദ ആരോപിച്ചതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 18, 14 വയസ്സു പ്രായമുള്ള രണ്ട് കൗമാരക്കാരായ ക്രിസ്ത്യന്‍ ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പാക്കിസ്ഥാനി ക്രൈസ്തവരിൽ ഭൂരിഭാഗം പേരുടേയും മതപരമായ ആഭിമുഖ്യം ആരംഭിക്കുന്നത് 19, 20 നൂറ്റാണ്ടുകളിലാണ്. അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബ് മേഖലയില്‍ ബ്രിട്ടീഷ്, അമേരിക്കന്‍ മിഷണറിമാര്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്‌ ക്രിസ്തീയ വിശ്വാസം വ്യാപിക്കുന്നത്. അന്ന് ജാതിവ്യവസ്ഥകൊണ്ട് നട്ടം തിരിഞ്ഞിരുന്ന ഹിന്ദുക്കളില്‍ പലരും ക്രിസ്തീയ വിശ്വാസത്തിൽ ആകൃഷ്ട്ടരാകുകയായിരിന്നു. 1947-ലെ ഇന്ത്യ വിഭജനത്തോടെ ക്രൈസ്തവര്‍ കൂടുതല്‍ ഉണ്ടായിരുന്ന പഞ്ചാബ് മേഖല പാക്കിസ്ഥാന്റെ ഭാഗമായി മാറി. എന്നാല്‍ പുതുതായി രൂപം കൊണ്ട് ഇസ്ലാമിക പാക്കിസ്ഥാനിലും ജാതിവ്യവസ്ഥ അതുപോലെ തന്നെ തുടര്‍ന്നു. ഇപ്പോഴും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ശുചീകരണ തൊഴില്‍ പോലെയുള്ള താഴ്ന്ന ജോലികള്‍ ചെയ്ത് സാമൂഹികമായി വളരെ താഴ്ന്ന നിലയിലാണ് ജീവിക്കുന്നത്.

2017-ല്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ 450 ശുചീകരണ തൊഴിലാളികളെ കൊണ്ട് തങ്ങള്‍ ശുചീകരണ തൊഴില്‍ മാത്രമേ ചെയ്യുകയുള്ളൂവെന്നും, എന്ത്‌ തൊഴില്‍ പറഞ്ഞാലും അത് നിരസിക്കുകയില്ലെന്നും പ്രതിജ്ഞ എടുപ്പിച്ചുവെന്ന്‍ യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനി നഗരമായ പെഷവാറിലെ 80% ക്രൈസ്തവരും, പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിലെ ക്രൈസ്തവരില്‍ 76%വും ശുചീകരണ തൊഴില്‍ ചെയ്യുന്നവരാണെന്നാണ്‌ റിനോഡിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2012-ലെ സര്‍വ്വേ പ്രകാരം പാക്കിസ്ഥാനി ക്രൈസ്തവരുടെ ശരാശരി മാസ വരുമാനം 138 അമേരിക്കന്‍ ഡോളറാണ്. ലോകബാങ്കിന്റെ ദാരിദ്ര രേഖക്ക് വളരെത്താഴെയാണിത്‌. 1978-1988 കാലയളവില്‍ പാക്കിസ്ഥാനില്‍ ഏകാധിപത്യ ഭരണം നടത്തിയ ജനറല്‍ സിയാ-ഉള്‍-ഹഖിന്റെ കാലത്താണ് പാക്കിസ്ഥാനി ക്രൈസ്തവരുടെ അവസ്ഥ കൂടുതല്‍ മോശമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനു മുന്‍പ് വളരെ കുറച്ച് മാത്രമുണ്ടായിരുന്ന മതനിന്ദ കുറ്റങ്ങള്‍ സിയാ അധികാരത്തില്‍ വന്നതോടെ നൂറുകണക്കിന് കേസുകളായി മാറി. ഇപ്പോള്‍ പാക്കിസ്ഥാനിലെ മതനിന്ദാനിയമം വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഉപകരണമായി മാറിയിരിക്കുകയാണ്. ഇരയാക്കപ്പെടുന്നതിൽ ഏറെയും ക്രൈസ്തവരാണെന്നതാണ് ദയനീയമായ വസ്തുത.


Related Articles »