India - 2024

മണിപ്പൂരിന്റെ കണ്ണീരൊപ്പാൻ എട്ടു ടൺ നിത്യോപയോഗ സാധനങ്ങള്‍ അയച്ച് സഹൃദയ

പ്രവാചകശബ്ദം 23-07-2023 - Sunday

കൊച്ചി: മണിപ്പൂരിന്റെ കണ്ണീരൊപ്പാൻ സ്നേഹവും കരുതലുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ. മണിപ്പൂരിലെ കാങ്പോംഗ്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എട്ടു ടൺ നിത്യോപയോഗ സാധനങ്ങൾ ചരക്കുലോറിയിൽ എത്തിക്കും.വസ്ത്രങ്ങൾ, സോപ്പുകൾ, ടോയ്ലറ്റ് സാമഗ്രികൾ, ക്ലീനിംഗ് ഉപകരണങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവയ്ക്കു പുറമേ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളും എത്തിക്കുന്നുണ്ട്.

അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നാണ് അവശ്യസാധനങ്ങൾ സമാഹരിച്ചതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. എട്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ആദ്യ വാഹനത്തിൽ അയച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ ദുരിതബാധിത മേഖലകളുടെ പുനരധിവാസത്തിനായി സാമ്പത്തികസഹായം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇടവകകൾക്കു പുറമേ വിവിധ സംഘടനകളും വ്യക്തികളും മണിപ്പുരിലേക്ക് സഹായമെത്തിക്കാൻ കൈകോർത്തു. ഇംഫാൽ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ഫാ. വർഗീസ് വേലിക്കകം വഴിയാണ് സാധനങ്ങൾ വിവിധ ക്യാമ്പുകളിലേക്ക് എത്തിക്കുക. കാരിത്താസ് ഇന്ത്യയുടെ മാർഗനിർദേശങ്ങളും പദ്ധതിക്കുണ്ട്. കാങ്പോംഗ്കി സെന്റ് ഫ്രാൻസിസ് ഡി സാലസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിക്കുന്ന സാധനങ്ങൾ അവിടെനിന്ന് മറ്റു ക്യാമ്പുകളിലേക്കും കൈമാറും. നേരത്തേ ചെന്നൈയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോൾ സമാനമായ രീതിയിൽ എറണാകുളത്തു നിന്ന് വാഹനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ചിരുന്നു.


Related Articles »