India - 2024

മണിപ്പൂരിൽ ഭാരത കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ സന്ദര്‍ശനം

25-07-2023 - Tuesday

ന്യൂഡൽഹി: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെ മൗനത്തിലും നിസംഗതയിലും ആശങ്കയെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കലാപം തുടരുന്നതിൽ കടുത്ത ദുഃഖമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയും വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കും നേരേയും നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ മതനിരപേക്ഷത ഉറ പ്പുവരുത്താൻ സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്നും രണ്ടു ദിവസത്തെ മണിപ്പൂർ സന്ദർശനത്തിനു ശേഷം നൽകിയ പ്രസ്താവനയിൽ സിബിസിഐ പ്രസിഡന്റ് പറഞ്ഞു.

മണിപ്പൂരിൽ കലാപം തുടരുന്ന കാക്ചിംഗ്, സുഖ് മേഖല, ഫുഖാവോ, കാഞ്ചിപുർ, സംഗായിപ്രോ മേഖലകളിലാണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) സംഘം സന്ദർശനം നടത്തിയത്. കലാപകാരികൾ അഗ്നിക്കിരയാക്കുകയും തകർക്കുകയും ചെയ്ത വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും സംഘം സന്ദർശിച്ചു. മാർ ആൻഡ്രൂസ് താഴത്തിനെ കൂടാതെ ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലൂമൻ, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പോൾ മൂഞ്ഞേലി എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Related Articles »