India - 2025

“വിളിയറിഞ്ഞ് ഒരുമയോടെ വിളഭൂമിയിലേക്ക്” മുദ്രാവാക്യമുയർത്തി മിഷൻ ലീഗ് സംസ്ഥാനതല വാർഷിക സമ്മേളനം

പ്രവാചകശബ്ദം 04-10-2023 - Wednesday

ചെമ്പേരി: ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ നിരവധി മാതൃകകളുണ്ടെന്നും മിഷൻ ലീഗിലൂടെ പ്രേഷിത പ്രവർത്തനം നടത്തുന്ന അല്‍മായർ മിഷ്ണറിയായി മാറുകയാണെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. “വിളിയറിഞ്ഞ് ഒരുമയോടെ വിളഭൂമിയിലേക്ക്” എന്ന മുദ്രാവാക്യമുയർത്തി ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) സംസ്ഥാനതല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. സിഎംഎൽ ചെമ്പേരി ശാഖയുടെ രംഗപൂജയോടെ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ സ്വാഗത പ്രഭാഷണവും സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണവും നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ റിപ്പോർട്ട് അവതരിപ്പിച്ചു. അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, തലശേരി അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ, മലബാർ റീജണൽ ഓർഗനൈസർ രഞ്ജിത്ത് മുതുപ്ലാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, അന്തർദേശീയ വൈസ് പ്രസിഡന്റ് ഏലിക്കുട്ടി എടാട്ട്, ദേശീയ റീജണൽ ഓർഗനൈസർ ബെന്നി മുത്തനാട്ട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്നേഹ വർഗീസ്, എക്സിക്യൂട്ടീവ് അംഗം ആര്യ റെജി എന്നിവരും സന്നിഹിതരായിരുന്നു. രാവിലെ നടന്ന സിഎംഎൽ തലശേരി അതിരൂപത കൗൺസിൽ വികാരി ജനറാൾ മോൺ, സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് റെനിൽ കൊടിയംകുന്നേൽ റിപ്പോർട്ടും സെക്രട്ടറി ബിജു കൊച്ചുപൂവക്കോട്ട് കണക്കും അവതരിപ്പിച്ചു. സിഎംഎൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി മുഖ്യ പ്രഭാഷണം നടത്തി. ചെമ്പേരി മേഖല ഡയറക്ടർ ഫാ.ഏബ്രഹാം കൊച്ചുപുരയിൽ, വൈസ് ഡയറക്ടർ സിസ്റ്റർ അലീന മരിയ എസ്എംഎസ്, മേഖലാ പ്രസിഡന്റ് ജെറിൻ ചേമ്പാലക്കുന്നേൽ, തലശേരി അതിരൂപത ജൂണിയർ പ്രസിഡന്റ് ആൽബിൻ മഠത്തിൽ, ജനറൽ ഓർഗനൈസർ അരുൺ പറയക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ.ഡോ.ജേക്കബ് വെണ്ണായപ്പിള്ളിൽ “മിഷൻ ജ്യോതി” വാർത്താപത്രിക പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് സ്നേഹവിരുന്നും നടന്നു.


Related Articles »