News - 2024
സിറിയയിലെ ദുരിതബാധിതരായ ക്രൈസ്തവരെ സഹായിക്കാന്‍ 500,000 ഡോളറിന്റെ സഹായവുമായി എസിഎന്‍
പ്രവാചകശബ്ദം 04-10-2023 - Wednesday
ആലപ്പോ: ഫെബ്രുവരിയില്‍ ഭൂകമ്പം ബാധിച്ച സിറിയയിലെ സഭയുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനുമുള്ള രണ്ടാമത്തെ സാമ്പത്തിക സഹായ പാക്കേജിന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അംഗീകാരം നൽകി. ഫെബ്രുവരി 6ന് 8476 പേരുടെ ജീവനെടുത്ത വിനാശകരമായ ഭൂകമ്പത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിച്ച രാജ്യത്തേക്ക് ഏകദേശം 500,000 യുഎസ് ഡോളർ അയയ്ക്കാനുള്ള തീരുമാനത്തിന് ഒക്ടോബർ 2നാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അംഗീകാരം നല്‍കിയത്.
വീടുകള്‍ കൂടാതെ നിരവധി ദേവാലയങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. സഹായ പാക്കേജിലൂടെ ഒമ്പത് പള്ളികളുടെയും ആശ്രമങ്ങളുടെയും രണ്ട് സ്കൂളുകളുടെയും ഒരു കിന്റർഗാർട്ടൻ, ഒരു കമ്മ്യൂണിറ്റി സെന്റർ, ഒരു യുവജന കേന്ദ്രം എന്നിവയുടെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ ട്രക്ക് വാങ്ങുമെന്നും സിറിയ ഉള്‍പ്പെടെയുള്ള മധ്യപൂര്‍വേഷ്യയിലെ എസിഎന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സേവ്യര്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. സഭയെ വീണ്ടെടുക്കാനും ഏറ്റവും ദുർബലരായവരെ സേവിക്കുന്നത് തുടരാനും ഇപ്പോഴും പ്രതിസന്ധിയിലായിരിക്കുന്ന ഒരു രാജ്യത്ത് അതിന്റെ ഏറ്റവും അടിസ്ഥാനപരമായ അജപാലന പ്രവർത്തനങ്ങൾ തുടരാനും സഹായിക്കുമെന്നും ബിസിറ്റ്സ് കൂട്ടിച്ചേര്‍ത്തു.
സഹായ പാക്കേജിന്റെ 62% ആലപ്പോയ്ക്ക് അനുവദിക്കും, അവിടെ രണ്ട് സ്‌കൂളുകളും ഒരു കെയർ സെന്ററും പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിക്കഴിയുമ്പോള്‍ സുരക്ഷിതമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസം തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സംഘടന പ്രസ്താവിച്ചു. ആലപ്പോ, ഹോംസ്, ലതാകിയ, ഹാമ എന്നിവയുൾപ്പെടെ ഗണ്യമായ ക്രിസ്ത്യൻ ജനസംഖ്യയുള്ള നിരവധി സിറിയൻ നഗരങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.