News - 2025
സിറിയയിലെ പുതിയ ഭരണാധികാരിയ്ക്കു മുന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവെച്ച് സഭാപ്രതിനിധികള്‍
പ്രവാചകശബ്ദം 05-01-2025 - Sunday
ഡമാസ്കസ്: സിറിയയിലെ ഭരണമാറ്റത്തിന് പിന്നാലെ ക്രിസ്ത‌്യൻ സഭാ പ്രതിനിധികൾ തങ്ങളുടെ ആശങ്ക പങ്കുവെച്ച് പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി കൂടിക്കാഴ്‌ച നടത്തി. രാജ്യത്തെ പുരാതന സമൂഹമായ ക്രൈസ്‌തവരുടെ ഭാവി സംബന്ധിച്ച ആശങ്കകളും ഉത്കണ്‌ഠകളും ചര്‍ച്ചയില്‍ പങ്കുവച്ചതായി ജെസ്യൂട്ട് വൈദികന്‍ ഫാ. റാമി ഏലിയാസ് മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്തെ പുതിയ സ്ഥിതിയില്‍ ക്രൈസ്തവരുടെ നിലനിലപ്പ് ഉള്‍പ്പെടെ ചര്‍ച്ചയായെങ്കിലും ക്രൈസ്‌തവർ സിറിയൻ സമൂഹത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും സംരക്ഷണം നല്‍കുമെന്നും അഹമ്മദ് അൽ ഷാര ഉറപ്പു നല്‍കി.
ഡമാസ്‌കസിലും മറ്റും ദീർഘകാലം ക്രൈസ്‌തവർക്കൊപ്പം താമസിച്ച കാര്യം അൽ ഷാര ചൂണ്ടിക്കാട്ടി. സിറിയയിൽ സിവിലിയൻ ഭരണകൂടം നിലവിൽ വരണമെന്ന ആഗ്രഹം ക്രൈസ്‌തവ നേതാക്കൾ പ്രകടിപ്പിച്ചു. അൽ ഷാരയും ഇക്കാര്യത്തോടു യോജിച്ചു. അമേരിക്കയും യൂറോപ്യൻ യൂണിയനും നിലവിലെ നിലപാട് തുടരുകയാണെങ്കിൽ മിതവാദത്തിലൂന്നിയ ഇസ്ലാമിക സിവിലിയൻ ഭരണകൂടം സിറിയയിൽ നിലവിൽ വരുമെന്നാണ് സൂചനയെന്ന് ഫാ. ഏലിയാസ് പറഞ്ഞു. ക്രൈസ്‌തവ വിശ്വാസികൾ ഭയപ്പെടരുതെന്നും ഭരണഘടനാ നിർമാണത്തിലടക്കം പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം ക്രൈസ്തവര്‍ക്കിടയില്‍ ആശങ്ക ശക്തമാണ്. സിറിയയില്‍ തീവ്ര ഇസ്ലാമിക നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടി. ഒരു ദശകത്തിനു മുന്‍പ് ആഭ്യന്തരയുദ്ധം ആരംഭിക്കുമ്പോള്‍ സിറിയന്‍ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 10% ത്തോളം (15 ലക്ഷം) വരുമായിരുന്നു. ഇപ്പോള്‍ അത് ഏതാണ്ട് 3 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. ആലപ്പോയില്‍ വിമതപക്ഷം പിടിമുറുക്കിയതിന് ശേഷം ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟