Monday Mirror - 2024

സെർബിയൻ പട്ടാളക്കാരാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു കന്യാസ്ത്രീയുടെ കത്ത്

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 16-10-2023 - Monday

ഒരു യുവ കന്യാസ്ത്രീ തന്റെ മദർ സുപ്പീരിയറിനെഴുതിയ അസാധാരണമായ ഒരു കത്താണിത്. യുഗ്ലോസ്ലാവിയിൽ 1995 ബലാൽസംഗത്തിനിരയായ സി. ലൂസി വെർട്രൂസക് എഴുതിയ ഹൃദയ സ്പർശിയായ കത്ത്.

പ്രിയ മദറേ, ‍

ഞാൻ ലൂസി, സെർബിയൻ പട്ടാളക്കാരുടെ ബലാൽസംഗത്തിനിരയായ കൊച്ചു കന്യാസ്ത്രികളിൽ ഒരാൾ. അമ്മേ, എനിക്കും എന്റെ സഹോദരിമാരായ സി. ടറ്റിയാന, സി. സാൻഡ്രിയ എന്നിവർക്കു സംഭവിച്ച കാര്യങ്ങളാണ് ഞാൻ കുറിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ല. ആരുടെ ശുശ്രൂഷയ്ക്ക് വേണ്ടിയാണോ ഞാൻ ഒരു വർഷം മുമ്പ് ഞാൻ എന്നെത്തന്നെ സമർപ്പിച്ചത്, ആ ദൈവത്തിനോടല്ലാതെ മറ്റാരോടും പങ്കുവയ്ക്കാൻ കഴിയാത്ത, ഞങ്ങൾ ജീവിതത്തിൽ അനുഭവിച്ച അതിനിഷ്ഠൂരമായ ക്രുരതകളാണിവ.

എന്റെ കഥ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ സഹിച്ച വലിയ അപമാനമല്ല. ഒരു സന്യാസിനി എന്ന നിലയിൽ എന്റെ സമർപ്പണവിളിയിൽ വെള്ളിടി വീഴ്ത്തിയ സുഖപ്പെടുത്തുവാനാവാത്ത മുറിവുമല്ല. എന്നാൽ എന്റെ ബുദ്ധിമുട്ട് ഈ സംഭവത്തെ, എന്റെ ദിവ്യമണവാളന്റെ നിഗൂഢ ഇച്ഛയായി കരുതി, എന്റെ വിശ്വാസവുമായി കൂട്ടിയോജിപ്പിക്കുന്നതിലാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് “Dialogues of Carmelites” എന്ന പുസ്തകം ഞാൻ വായിക്കുകയും നൈസർഗീകമായി അവനു വേണ്ടി രക്തസാക്ഷികളായവരുടെ നിരയിൽ എന്നെക്കൂടി ചേർക്കുവാനുള്ള കൃപയ്ക്കായി ദൈവത്തോട് യാചിക്കുകയും ചെയ്‌തു. എന്റെ വാക്കു കേട്ട് ദൈവം എന്നെ സ്വീകരിച്ചു, പക്ഷേ ഘോരമായ മാർഗ്ഗത്തിലൂടെ. ഇപ്പോൾ ഞാൻ എന്നെത്തന്നെ ആത്മീയ അന്ധകാരത്തിന്റെ തീവ്രമായ മാനസികവ്യഥയിൽ നഷ്ടപ്പെട്ടവളെ പോലെ കാണുന്നു. എന്റെ ഉയർച്ചക്കും വളർച്ചയ്ക്കും നിർണ്ണായകമാകുമെന്ന് ഞാൻ കരുതിയ ജീവിതത്തിന്റെ എല്ലാ പദ്ധതികളും അവൻ തകർത്തു കളഞ്ഞു. ഞൊടിയിടയിൽ അവൻ എന്നെ, എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത അവന്റെ പദ്ധതിയിൽ മെനയാൻ വിട്ടു കൊടുത്തു.

ഒരു കൗമാരക്കാരിയായിരുന്നപ്പോൾ ഞാൻ എന്റെ ഡയറിയിൽ ഇപ്രകാരം എഴുതി: ഒന്നും എന്റേതല്ല. ഞാൻ ആർക്കും സ്വന്തമായിരിക്കുകയില്ല. ആരും എന്റെ സ്വന്തമാവുകയുമില്ല. എന്നാൽ ആരോ ഒരു രാത്രി എന്നെ കടന്നുപിടിച്ചു.. ഒരിക്കലും ഞാൻ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരു രാത്രി, എന്നിൽ നിന്നും അയാൾ എന്നെ വലിച്ചുകീറി.

എനിക്ക് ബോധം വന്നപ്പോഴേക്കും നേരം വെളുത്തിരുന്നു, ഗദ്സമെനിയിൽ തീവ്രവേദന അനുഭവിക്കുന്ന ക്രിസ്തുവിന്റെ രൂപമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്. എന്റെയുള്ളിൽ ഒരു ഭയങ്കര യുദ്ധം അഴിഞ്ഞാടാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെയൊരു വേദന? എന്റെ ജീവിതത്തിന്റെ അർത്ഥം തല്ലിതകർക്കാൻ ദൈവം അനുവദിച്ചത് എന്തിന്? ഞാൻ എന്നോടു തന്നെ ചോദിച്ചു. എന്താന്ന് എന്റെ പുതിയ ദൈവവിളി? പ്രാണവേദനയോടെ ആ ചോദ്യവും എന്റെ നാഥനോട് ഞാൻ ചോദിച്ചു.

എഴുന്നേൽക്കാനായി ഞാൻ നന്നേ പാടുപെട്ടു, സിസ്റ്റർ ജോസഫീനായുടെ കൈ എനിക്ക് സഹായമായി. ആയാസപ്പെട്ടു ഞാനൊന്നു നേരെ നിന്നു. തൊട്ടടുത്ത അഗസ്റ്റീനിയൻ കോൺവെന്റിൽ നിന്ന് പ്രഭാത പ്രാർത്ഥനയ്ക്കുള്ള മണി നാദം കേട്ടപ്പോഴാണ് സമയം ഒൻപതായന്ന് മനസ്സിലായത്. ഞാൻ സാവധാനം കുരിശു വരച്ച്, മൗനമായി പ്രാർത്ഥന ഒരു വിട്ടു. ഈ മണിക്കൂറിൽ ഗാഗുൽത്തായുടെ മൗന നൊമ്പരം എന്റെ നാഥനോപ്പം ഞാനും ഏറ്റുപാടി.

അമ്മേ, എന്താണ് എന്റെ സഹനം – ഞാൻ ഏറ്റുവാങ്ങിയ ക്രൂരത – ഞാൻ ആരോടാണോ എന്റെ ജീവിതം സമർപ്പിക്കാമെന്ന് ആയിരം തവണ ശപഥം ചെയ്ത്, അവന്റെ സഹനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ….

ഞാൻ പതുക്കെ, വളരെ പതുക്കെയാണ് ഈ വാക്കുകൾ പറഞ്ഞത് : നിന്റെ ഹിതം നിറവേറട്ടെ, എല്ലാറ്റിനും ഉപരി എനിക്ക് പോകാനായി ഒരിടമില്ല. ഒരു കാര്യം മാത്രമേ എനിക്ക് തീർച്ചയുള്ളു: നി എന്റെ ഒപ്പം ഉണ്ട് എന്ന യാഥാർത്ഥ്യം.

അമ്മേ, സമാശ്വാസം തേടിയല്ല ഞാൻ ഈ കത്ത് എഴുതുന്നത്, എന്നാൽ എന്റെ ഈ അവസ്ഥയിൽ, ആയിരക്കണക്കിന് എന്റെ നാട്ടുകാർക്കൊപ്പം, ആരുടെ അഭിമാനമാണോ തകർത്തെറിഞ്ഞത്, ആരാണോ ആവശ്യമില്ലാത്ത ഒരു മാതൃത്വം സ്വീകരിക്കാൻ നിർബദ്ധിതരായത് അവരോടൊപ്പം, എന്റെ കൂടെ നിന്നതിന് അമ്മയ്ക്ക് ദൈവത്തോട് നന്ദി പറയാൻ കഴിയും.

എന്റെ അപമാനം അവരുടേതിനൊപ്പം ചേർക്കപ്പെട്ടു. പേരറിയാൻ സാധിക്കാത്ത അവർ ചെയ്ത ക്രൂരതയ്ക്ക് പാപപരിഹാരം ചെയ്യാൻ, ജീവിതത്തിൽ കയ്പുനീർ സമ്മാനിച്ച ആ രണ്ടു വ്യക്തികളോട് അനുരജ്ഞനപ്പെടാൻ ഇതല്ലാതെ വേറൊന്നും എനിക്ക് സമർപ്പിക്കാനില്ല. ഞാൻ സഹിക്കുന്ന ഈ അപമാനം ദൈവകാരുണ്യത്തിന് ഭരമേൽപ്പിക്കുന്നു.

എന്നോടൊപ്പം ദൈവത്തിനുള്ള “നന്ദി അർപ്പിക്കാൻ” പങ്കു ചേരാൻ പറഞ്ഞതിൽ, പരിഹാസ്യമായി തോന്നുമെങ്കിലും അമ്മ അതിശയിക്കേണ്ട. ഈ കഴിഞ്ഞ മാസങ്ങൾ കണ്ണീർക്കടലാന്ന് എനിക്ക് സമ്മാനിച്ചത്, എന്റെ രണ്ട് സഹോദരമാർ , ഞങ്ങളുടെ നഗരത്തിൻ ഇതേ കൈയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനെക്കാളും ഭീകരമായി ഈ ചെറുപ്രായത്തിൽ ഒന്നും സഹിക്കാനില്ല എന്നാണ് എന്റെ ചിന്ത. എല്ലാ ദിവസവും വിശക്കുന്ന നൂറു കണക്കിന് മനുഷ്യ ജന്മങ്ങൾ ഞങ്ങളുടെ മഠത്തിന്റെ വാതിലിൽ അപ്പത്തിനായി കേഴാറുണ്ട്. തണുത്തു വിറയ്ക്കുന്ന അവരുടെ കണ്ണുകളിൽ നൈരാശ്യത്തിന്റെ മിന്നലാട്ടം ഞാൻ കാണാറുണ്ട്.

കുറെ ആഴ്ചകൾക്ക് മുമ്പ് പതിനെട്ടു തികഞ്ഞ ഒരു ചെറുപ്പക്കാരൻ എന്നോടു പറഞ്ഞു: “യാതൊരു തിന്മയും എത്തിപ്പെടാത്ത ഈ ഭവനത്തിൽ അഭയം കണ്ടത്തിയ നീ എത്ര ഭാഗ്യവതിയാണ്”. ഒരു ജപമാല കൈയിലേന്തിയിരുന്ന അവൻ തുടർന്നു: “അപമാനിക്കപ്പെടുന്നതിന്റെ വേദന എന്താണന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല സിസ്റ്ററേ“.

അവന്റെ വാക്കുകളെപ്പറ്റി സുദീർഘമായി ഞാൻ ചിന്തിച്ചു. എന്റെ ജനത്തിന്റെ സഹനങ്ങളിൽ അദൃശ്യമായ ഒരു തലം, എന്നെ സ്പർശിക്കാത്ത ഒരു വസ്തുതയുണ്ടന്ന് , എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു.

ഇപ്പോൾ ഞാൻ അവരിൽ ഒരാളാണ്. എന്റെ ആളുകൾക്കിടയിലെ ശരീരം നശിപ്പിക്കപ്പെടുകയും, ഹൃദയം തകർന്നു പോവുകയും ചെയ്ത സ്ത്രീകളിൽ ഒരാളായി ഞാനും എണ്ണപ്പെട്ടു.

ദൈവം അവന്റെ അപമാനത്തിന്റെ രഹസ്യത്തിൽ എന്നെയും പങ്കുചേർത്തു. ഒരു സന്യാസിനിയായ എനിക്ക് ഇതിൽ കൂടുതൽ എന്ത് ലഭിക്കാൻ ? പൈശാചിക ശക്തികളുടെ ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അവൻ എന്നെ ശക്തയായ പോരാളിയാക്കി. ഇപ്പോൾ മുതൽ എന്റെ എളിയ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന സമാശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾക്ക് കൂടുതൽ വിശ്വസനീയതയുണ്ട്, കാരണം എന്റെ കഥ അവരുടെതാണ്, വിശ്വാസപൂർവ്വമുള്ള എന്റെ സമർപ്പണം അവർക്കൊരു അടയാളമാണ്.

ഇതെല്ലാം ഒരു അടയാളമാണ്, ഒരു ചെറിയ ശബ്ദം, ഒരു സാഹോദര്യ ഭാവം ഇവയ്ക്കെല്ലാം ഒരു പാടു ആളുകളുടെ പ്രതീക്ഷകൾക്ക് പുതുനാമ്പ് സമ്മാനിക്കാനാവും.

ഏറ്റവും എളിയവരായ എന്റെ ജനങ്ങളെ രക്ഷയുടെയും സാതന്ത്ര്യത്തിന്റെയും പുലരിയിലേക്ക് നയിക്കാൻ ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. (ദൈവം എന്റെ അനുമാനം ക്ഷമിക്കട്ടെ). അവർക്ക് ഒരിക്കലും എന്റെ വാക്കുകളുടെ ആത്മമാർത്ഥത സംശയിക്കാനാവില്ല, കാരണം ഞാനും അവരെപ്പോലെ ശകാരത്തിന്റെയും നിന്ദനത്തിന്റെയും പ്രാന്തപ്രദേശത്തു നിന്ന് വന്നതാണ്.

സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടാൻ റോമിലെ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന കാലത്തെ ഒരു സംഭവം ഞാൻ ഓർക്കുന്നു. അധ്യാപികയായിരുന്ന സ്ലാവ് വംശജയായ സ്ത്രീ എന്നോട് അലക്സ്‌ജ് മിസ്ലോവികിന്റെ കവിതാ ശകലം മിക്കപ്പോഴും പറയുമായിരുന്നു:

“നീ ഒരിക്കലും മരിക്കരുത്. കാരണം നീ തിരഞ്ഞെടുക്കപ്പെട്ടവളാണ്. ഈ ദിവസത്തിന്റെ ഭാഗമാവുക.”

സെർബിയൻ പട്ടാളക്കാർ മണിക്കൂറുകൾ എന്നെ പിച്ചിചീന്തിയ രാത്രിയിൽ ഈ വാക്കുകളാണ് എന്റെ ആത്മാവിനു തൈലമായി മാറിയത്. ഇതു ഞാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ഇപ്പോൾ എല്ലാം കടന്നു പോയിരിക്കുന്നു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കയ്പേറിയ ഒരു ഗുളിക വിഴുങ്ങിയ അവസ്ഥയാണ് എന്റേത്.

അമ്മേ, എല്ലാം കടന്നു പോയി പക്ഷേ എല്ലാം വീണ്ടും ആരംഭിക്കുന്നു. അമ്മയുടെ സമാശ്വസിപ്പിക്കുന്ന വാക്കുകൾക്ക് ഞാൻ എന്നും നന്ദിയുള്ളവളാണ്. ആ ടെലിഫോൺ സംഭാഷണത്തിൽ അമ്മ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം എന്നോടു ചോദിച്ചായിരുന്നു: നിന്റെ ഉദരത്തിൽ നീ അറിയാതെ വന്ന ജീവനെ എന്തു ചെയ്യും? ഈ ചോദ്യം ചോദിച്ചപ്പോൾ അമ്മയുടെ സ്വരം ഇടറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു. പെട്ടന്ന് ഉത്തരം നൽകേണ്ട ചോദ്യമായി ഞാനതിനെ കണ്ടില്ല. അത് ഞാൻ പോകേണ്ട വഴിയെപ്പറ്റി ഞാൻ ആലോചിക്കാത്തതു കൊണ്ടല്ല, മറിച്ച് ക്രമേണ എന്റെ മുമ്പിൽ അങ്ങു വെളിപ്പെടുത്തുന്ന പദ്ധതികൾക്ക് ഒരു വിഘ്നമാവല്ലല്ലോ എന്നു കരുതിയാണ് അന്നു ഞാനിത് പറയാതിരുന്നത്.

ഞാൻ ഒരു അമ്മയാകും. നേരത്തെതന്നെ ഞാൻ തീരുമാനിച്ചിരുന്നു. കുട്ടിയെ ആരുടെയെങ്കിലും കൈയിൽ സുരക്ഷിക്കാൻ എൽപിച്ചാൽ മതിയെന്ന കാര്യം എനിക്കറിയാം. പക്ഷേ അവന്- ഞാൻ അവനുവേണ്ടി ചോദിക്കുകയോ അവനുവേണ്ടി പ്രതീക്ഷിക്കയോ ചെയ്തില്ലങ്കിലും – അവന്റെ അമ്മയായ എന്റെ മാതൃസ്നേഹത്തിന് അവകാശമുണ്ട്. ഒരു ചെടിയെ ഒരിക്കലും അതിന്റെ വേരിൽ നിന്ന് പറിച്ചു മാറ്റരുത്. നിഗൂഢമാണങ്കിലും അനീതിയാണങ്കിലും വിതക്കാരൻ വിതച്ച ഉഴവുചാലിൽ തന്നെ ഗോതമ്പുമണി വളരണം.

എന്റെ സന്യാസ സമർപ്പണം മറ്റൊരു രീതിയിൽ ഞാൻ പൂർത്തിയാക്കും. എനിക്ക് എല്ലാം നൽകിയ എന്റെ സഭയോട് ഞാൻ ഒന്നും പകരം ചോദിക്കില്ല. എന്റെ സഹോദരിമാരോട് ഞാൻ എന്നും വലിയ നന്ദിയുള്ളവളായിരിക്കും. അത്രമാത്രം ഹൃദയവിശാലതയോടും ദയയോടും കാരുണ്യത്തോടും കൂടിയാണ് എന്റെ ദുരവസ്ഥയിൽ അവർ എനിക്ക് പരിചരണം നൽകിയത്. ദുഃഖത്തിന്റെ ഈ വിനാഴികകളിൽ, അശ്രദ്ധമായ ഒരു വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, അനാവശ്യ ചോദ്യം കൊണ്ടോ അവർ എന്നെ തളർത്തിയിട്ടില്ല.

ഞാൻ എന്റെ കുട്ടിയുമായി പോകും. എവിടേക്ക് എന്ന് എനിക്കറിയില്ല. പക്ഷേ ദൈവം (ഞൊടിയിടയിൽ എന്റെ ഏറ്റവും വലിയ സന്തോഷം തകർക്കാൻ അനുവദിച്ചവൻ) അവന്റെ ഹിതം നിറവേറ്റാനായി ഞാൻ നടന്നു നീങ്ങേണ്ട വഴി ചൂണ്ടികാണിച്ചു തരും.

ഞാൻ വീണ്ടും ദരിദ്രയാകാൻ പോകുന്നു. ഗ്രാമത്തിലെ സ്ത്രീകൾ പണിക്കു പോകുമ്പോൾ അണിയുന്ന ഉപരിവസ്ത്രവും തടികൊണ്ടുള്ള ഷൂവും ഞാൻ വീണ്ടും അണിയാൻ തുടങ്ങുന്നു. വനാന്തരങ്ങളിലെ വൃക്ഷങ്ങളിൽ നിന്ന് മരപ്പശ ശേഖരിക്കാൻ ഞാൻ എന്റെ അമ്മയോടൊപ്പം പോകും.

ആരെങ്കിലും ഞങ്ങളുടെ രാജ്യത്തെ നശിപ്പിച്ച വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ ആരംഭം കുറിക്കണം. അതിനാൽ ഞാൻ എന്റെ കുട്ടിയെ ഒരു കാര്യം മാത്രമേ പഠിപ്പിക്കൂ – സ്നേഹം, സ്നേഹിക്കാൻ മാത്രം. അക്രമത്തിൽ പിറന്ന എന്റെ കുട്ടി എന്നോടൊപ്പം, മനുഷ്യ ജീവിതത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ മഹത്വം ക്ഷമയാണന്നതിനുള്ള ഉത്തമ സാക്ഷിയായിരിക്കും.

ക്രിസ്തുവിന്റെ രാജ്യത്തിലുടെ ദൈവമഹത്വത്തിനു വേണ്ടി.

എന്ന് വിശ്വസ്തതയോടെ,

സി. ലൂസി ‍

Fr Jaison Kunnel Alex


Related Articles »