News - 2024
ഹെയ്‌തിയില്‍ ആറു കന്യാസ്ത്രീകൾ അടക്കം എട്ടു പേരെ സായുധധാരികൾ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 21-01-2024 - Sunday
പോർട്ട് ഓ പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്‌തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിൽ ആറു കന്യാസ്ത്രീകൾ അടക്കം എട്ടു പേരെ സായുധധാരികൾ തട്ടിക്കൊണ്ടുപോയി. കന്യാസ്ത്രീകൾ ജോലി ചെയ്യുന്ന സ്‌കൂളിലേക്കു വെള്ളിയാഴ്‌ച രാവിലെ ബസിൽ പോകവേയാണ് സംഭവം. തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു രണ്ടു പേർ ബസ് ഡ്രൈവറും ഒരു പെൺകുട്ടിയുമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഹെയ്തിയൻ റിലീജിയസ് കോൺഫറൻസ് സംഭവം സ്ഥിരീകരിച്ചു. കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആന്‍ സമൂഹത്തില്‍ നിന്നുള്ള കന്യാസ്ത്രീകളാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായിട്ടുള്ളതെന്ന് പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്. ഗുണ്ടാസംഘങ്ങളുടെ അക്രമം രൂക്ഷമായ ഹെയ്‌തിയിൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവു സംഭവമാണ്.
കഴിഞ്ഞവർഷം ഏതാണ്ട് മൂവായിരം പേരെ തട്ടിക്കൊണ്ടു പോയി. 2021-ല്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യുഎസ് മിഷ്ണറി സംഘത്തിന്റെ വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരിന്നു. അതേസമയം പോർട്ട് ഓ പ്രിൻസിൻ്റെ എൺപതു ശതമാനം പ്രദേശത്തിന്റെയും നിയന്ത്രണം ഗുണ്ടാസംഘങ്ങൾക്കാണെന്നാണ് റിപ്പോര്‍ട്ട്.