News - 2024

2024 തുർക്കിയിലെ കത്തോലിക്ക സഭ ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കും

പ്രവാചകശബ്ദം 22-11-2023 - Wednesday

വത്തിക്കാന്‍ സിറ്റി: 2024 തുർക്കിയിലെ കത്തോലിക്ക സഭ ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കുവാന്‍ തീരുമാനമെടുത്തു. തുർക്കി ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റും ഇസ്മിർ ആർച്ച് ബിഷപ്പുമായ മാർട്ടിൻ കെമെറ്റെക് രാജ്യത്തെ എല്ലാ വിശ്വാസികൾക്കും അയച്ച ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആഗമന കാലത്തിന്റെ ആദ്യ ഞായറാഴ്ച ഡിസംബർ 3, 2023 ന് ആരംഭിച്ച് 2024 നവംബർ 24 ക്രിസ്തു രാജന്റെ തിരുനാളിനോട് അനുബന്ധിച്ച് സമാപിക്കുന്ന രീതിയിലാണ് ദിവ്യകാരുണ്യ വര്‍ഷം.

ദിവ്യകാരുണ്യ വർഷാചരണത്തിലൂടെ കർത്താവായ യേശുവിനെ കൂടുതൽ കൂടുതൽ അറിയാനും സ്നേഹിക്കാനും സേവിക്കാനും പ്രഘോഷിക്കാനും എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ അവിടുത്തെ സാന്നിധ്യം തിരിച്ചറിയാനും തുർക്കി സഭ ആഗ്രഹിക്കുകയാണെന്ന് ഇസ്മിർ ആർച്ച് ബിഷപ്പ് പറഞ്ഞു. ആരാധനക്രമ ആഘോഷങ്ങളിൽ കൂടുതൽ സജീവമായും ശ്രദ്ധയോടെ പങ്കെടുക്കാനും, ദൈവ സ്നേഹത്തിന്റെ മഹത്തായ സമ്മാനമായ വിശുദ്ധ കുർബാനയിലുള്ള വിശ്വാസം ആഴത്തിലാക്കാൻ ഒരുമിച്ച് ആഗ്രഹിക്കുകയാണ്. യേശു അന്ത്യ അത്താഴ വേളയിൽ സ്ഥാപിച്ച ഈ മഹത്തായ കൂദാശ വിശ്വാസികൾക്ക് ആത്മീയ പോഷണവും ഐക്യത്തിന്റെ അടയാളവും ഭാവി മഹത്വത്തിന്റെ വാഗ്ദാനവുമാണ്.

ദൈവത്തിന്റെ അത്ഭുതകരമായ സ്നേഹത്തിന്, സൗജന്യ സ്നേഹത്തിന് നമുക്ക് നൽകാനാകുന്ന ആദ്യ പ്രതികരണമാണ് ദിവ്യകാരുണ്യ ആരാധനയെന്നും വാസ്തവത്തിൽ ആരാധിക്കുക എന്നതിനർത്ഥം യേശു മാത്രമാണ് കർത്താവെന്ന് വിശ്വസ്തതയോടെ തിരിച്ചറിന്നതാണെന്നും ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തീവ്ര ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. വിവിധ വിഭാഗങ്ങളിലായി ആകെ രണ്ടര ലക്ഷത്തോളം ക്രൈസ്തവര്‍ ഉണ്ടെങ്കിലും കണക്കുകള്‍ പ്രകാരം ആകെ 35,000 കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്.


Related Articles »