News - 2024

വിശുദ്ധനാട്ടിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കി

പ്രവാചകശബ്ദം 02-12-2023 - Saturday

ബെത്ഹേം: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്റെ ഇരകളോടുള്ള ആദരവായി വിശുദ്ധ നാട്ടിലെ പ്രമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങൾ എല്ലാം ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കും. ഇത് സംബന്ധിച്ച് നവംബർ മാസം ആദ്യം തീരുമാനമെടുത്തത് ജോർദാനാണ്. പിന്നാലെ ജെറുസലേമും, ബെത്ഹേമും സമാനമായ തീരുമാനത്തിൽ എത്തിചേർന്നു. ക്രിസ്തുമസ് ആഘോഷങ്ങൾ റദ്ദാക്കുന്ന കാര്യത്തിൽ ജോർദാനിൽ തീരുമാനമെടുത്തത് വിവിധ സഭകളുടെ കൂട്ടായ്മയായ കൗൺസിൽ ഓഫ് ചര്‍ച്ച് ലീഡേഴ്സാണ്.

സംയുക്തമായ തീരുമാനപ്രകാരം കരോളുകൾ, പൊതുസ്ഥലങ്ങളിലെ ക്രിസ്തുമസ് ട്രീയുടെ പ്രദർശനം, പൊതുസ്ഥലങ്ങളിലെ സമ്മാനദാന ചടങ്ങുകൾ തുടങ്ങിയവ ഈ വർഷം ഉണ്ടായിരിക്കുന്നതല്ല. ഇടവക ദേവാലയങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് ഇത്തവണ പ്രാധാന്യം നൽകാനാണ് വിശ്വാസി സമൂഹത്തോട് ക്രൈസ്തവ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. കൗൺസിൽ ഓഫ് ചർച്ച് ലീഡേഴ്സിന് സമാനമായി ജെറുസലേമിൽ പ്രവർത്തിക്കുന്ന പാത്രിയാർക്കീസ് ആൻഡ് ഹെഡ്സ് ഓഫ് ചർച്ചസ് നവംബർ പത്താം തീയതിയാണ് പൊതുസ്ഥലങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ റദ്ദ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയതെന്ന് 'ഫോക്സ് ന്യൂസ്' റിപ്പോർട്ട് ചെയ്തിരുന്നു.

കർത്താവായ യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്തുമസ് എന്ന അർത്ഥത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വൈദികരോടും, വിശ്വാസി സമൂഹത്തോടും അവർ ആഹ്വാനം ചെയ്തു. യേശുക്രിസ്തു ജനിച്ച ബെത്ലഹേം നഗരം സ്ഥിതി ചെയ്യുന്ന പലസ്തീന്റെ കൈവശമുള്ള വെസ്റ്റ് ബാങ്കിലും ഇത്തവണ വലിയ ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഉണ്ണിയേശു ജനിച്ച വഴി നക്ഷത്രത്തെ നോക്കി രാജാക്കന്മാർ വന്നതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ആഘോഷിക്കുന്ന സ്റ്റാർ സ്ട്രീറ്റ് പ്രദക്ഷിണം ഈ വർഷവും നടക്കും.

More Archives >>

Page 1 of 911