News - 2024

അര്‍ജന്റീനയുടെ പുതിയ വൈസ് പ്രസിഡന്റ് അടിയുറച്ച കത്തോലിക്ക വിശ്വാസി

പ്രവാചകശബ്ദം 28-11-2023 - Tuesday

ബ്യൂണസ് അയേഴ്സ്: തെക്കേ-അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയില്‍ നവംബര്‍ 19-ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫ്രീഡം അഡ്വാന്‍സ് സഖ്യത്തില്‍പ്പെട്ട കത്തോലിക്ക വിശ്വാസിയും നിയുക്ത വൈസ്-പ്രസിഡന്റുമായ വിക്ടോറിയ വില്ലാർരുവലിനെ സംബന്ധിച്ച നിലപാടുകള്‍ ചര്‍ച്ചയാകുന്നു. നിയമസഭയിലെ കോണ്‍ഗ്രസ് അംഗം എന്ന നിലയില്‍ നീണ്ടകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള വില്ലാർരുവല്‍ തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ്. ബ്യൂണസ് അയേഴ്സില്‍ ജനിച്ചുവളര്‍ന്ന നാല്‍പ്പത്തിയെട്ടുകാരിയായ വില്ലാർരുവല്‍ തന്റെ വ്യക്തിജീവിതത്തേക്കുറിച്ച് യാതൊന്നും പറയാറില്ലെങ്കിലും താനൊരു കത്തോലിക്ക വിശ്വാസിയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയുടെ മധ്യസ്ഥയായ ലുജാന്‍ മാതാവിന്റെ തിരുനാള്‍ ദിനസന്ദേശം ഉള്‍പ്പെടെ വില്ലാർരുവല്‍ ട്വീറ്റ് ചെയ്തിരുന്നു. 2019-ല്‍ ഔര്‍ ലേഡി ഓഫ് ലുജാന്‍ ബസിലിക്കയിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിന്റെ ചിത്രം അവര്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ചു. കാത്തലിക് അപ്പോളജെറ്റിക്സ്‌ പ്രൊജക്റ്റിന്റെ ഡയറക്ടറായ ഫാ. ജാവിയര്‍ ഒലിവേര ഒന്നരവര്‍ഷം മുന്‍പ് താന്‍ വില്ലാർരുവലിനെ ചാപ്പലില്‍ കണ്ട കാര്യം സാക്ഷ്യപ്പെടുത്തിയിരിന്നു. ബ്യൂണസ് അയേഴ്സിന് സമീപമുള്ള ‘ഔര്‍ ലേഡി മീഡിയാട്രിക്സ്‌ ഓഫ് ഓള്‍ ഗ്രേസസ്’ ചാപ്പലിലെ ലാറ്റിന്‍ കുര്‍ബാനയിലാണ് വില്ലാർരുവല്‍ പങ്കെടുക്കുന്നത്. പരമ്പരാഗത ലത്തീന്‍ കുര്‍ബാനയിലും നിയുക്ത വൈസ് പ്രസിഡന്‍റ് ഏറെ താത്പര്യം കാണിക്കുന്നുണ്ട്.

സ്പാനിഷ് വാര്‍ത്ത മാധ്യമമായ എല്‍ പായിസിന് സമീപകാലത്ത് നല്‍കിയ അഭിമുഖത്തില്‍ ഭ്രൂണഹത്യയെ ശക്തമായി എതിര്‍ത്ത് വില്ലാർരുവല്‍ പ്രസ്താവന നടത്തിയിരിന്നു. താന്‍ ജീവിക്കുവാനുള്ള അവകാശത്തെ പിന്തുണക്കുകയാണെന്നും ഗര്‍ഭധാരണം മുതല്‍ ജീവന്‍ ആരംഭിക്കുന്നുവെന്നും ജനിക്കുവാനിരിക്കുന്ന ശിശുക്കളെ സംരക്ഷിക്കുന്നത് വിശ്വാസപരമായ കാര്യമല്ലെന്നും അതൊരു ജീവശാസ്ത്രപരമായ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2020-ല്‍ പാസാക്കിയ അബോര്‍ഷന്‍ നിയമം റദ്ദാക്കുന്നതിനെ വില്ലാർരുവല്‍ പിന്തുണച്ചിരുന്നു. മെയ് 16-ന് ‘ഇന്‍ഫോബേ’ക്ക് നല്‍കിയ അഭിമുഖത്തില്‍ “വിനാശകരം” എന്നാണ് വില്ലാർരുവല്‍ ഭ്രൂണഹത്യ നിയമത്തെ വിശേഷിപ്പിച്ചത്. സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിച്ചുകൊണ്ട് 2010-ല്‍ പാസാക്കിയ മാര്യേജ് ഇക്വാളിറ്റി നിയമത്തെയും വില്ലാർരുവല്‍ ശക്തമായി എതിര്‍ത്തിരിന്നു.


Related Articles »