News - 2025
ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ സിനിമകളും ടിവി പരിപാടികളും നിര്‍മ്മിക്കാന്‍ ഹോളിവുഡ് ഇന്‍സൈഡര്‍
പ്രവാചകശബ്ദം 15-12-2023 - Friday
വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഉള്ളടക്കത്തോട് കൂടിയ സിനിമകളും, ടെലിവിഷന്‍ പരിപാടികളും നിര്‍മ്മിക്കുന്നതിനായി പുതിയ സ്റ്റുഡിയോ ആരംഭിക്കുവാന്‍ ഹോളിവുഡ് ഇന്‍സൈഡര്‍. ''വണ്ടര്‍ പ്രൊജക്റ്റ്'' എന്ന ഈ പദ്ധതിക്കായി ഇതിനോടകം തന്നെ 7.5 കോടി ഡോളര്‍ സമാഹരിച്ചു കഴിഞ്ഞു. സിനിമകളിലൂടെയും ടെലിവിഷനിലൂടെയും വിശ്വസനീയവും, വിശ്വാസ മൂല്യാധിഷ്ടിതവുമായ ഉള്ളടക്കങ്ങള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ എത്തിക്കുകയെന്നതാണ് പുതിയ സ്റ്റുഡിയോയുടെ ലക്ഷ്യം. പ്രമുഖ ക്രിസ്ത്യന്‍ സിനിമ നിര്‍മ്മാതാവായ ജോണ്‍ എര്‍വിന്‍ രൂപംകൊടുത്ത പദ്ധതിക്ക് നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയുടെ മുന്‍ എക്സിക്യൂട്ടീവായ കെല്ലി മെറിമാന്‍ ഹൂഗ്സ്ട്രാട്ടനാണ് മേല്‍നോട്ടം വഹിക്കുന്നത്.
ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസണ്‍’ന്റെ നിര്‍മ്മാതാവും പദ്ധതിയുടെ ഉപദേഷ്ടാവും, ഓഹരിപങ്കാളിയുമായ ഡള്ളാസ് ജെങ്കിന്‍സാണ് വണ്ടര്‍ പ്രൊജക്റ്റിനു വേണ്ടി ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുക. പ്രേക്ഷകര്‍ക്ക് മുന്‍പൊരിക്കലും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജോണ്‍ എര്‍വിന്‍ പറഞ്ഞു. 'സോവറിന്‍’സ് കാപ്പിറ്റല്‍, ലയണ്‍സ്ഗേറ്റ്, പവര്‍ഹൗസ് കാപ്പിറ്റല്‍, യുണൈറ്റഡ് ടാലന്റ് ഏജന്‍സി, ബ്ലംഹൗസ് പ്രൊഡക്ഷന്‍സ് സി.ഇ.ഒ ജാസണ്‍ ബ്ലം എന്നിവ വഴിയാണ് പദ്ധതിക്ക് വേണ്ട ഫണ്ട് ലഭിച്ചത്.
തങ്ങള്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയേറിയ സിനിമകളും, ടിവി പരിപാടികളും പ്രമുഖ മാധ്യമശൃംഖലകള്‍ക്കും, സംപ്രേക്ഷകര്‍ക്കും, വിതരണക്കാര്‍ക്കും വിതരണം ചെയ്യാനാണ് വണ്ടര്‍ പ്രൊജക്റ്റിന്റെ പദ്ധതി. എര്‍വിന്‍ സംവിധാനം ചെയ്ത ‘ജീസസ് റെവല്യൂഷന്‍’ എന്ന ബിബ്ലിക്കല്‍ സിനിമ ബോക്സോഫീസില്‍ 5.2 കോടി ഡോളറാണ് നേടിയത്. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഇനിയും പ്രേക്ഷകര്‍ക്ക് ആവശ്യമാണെന്ന്‍ എര്‍വിന്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി വിശ്വാസ മൂല്യാധിഷ്ഠിതവും ഉയര്‍ന്ന നിലവാരവുമുള്ള കഥകള്‍ വരും വര്‍ഷങ്ങളില്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു ജാസണ്‍ ബ്ലം പ്രസ്താവിച്ചു.