News - 2024

വൈദികര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിൽ മെക്സിക്കോ മുന്നില്‍

സ്വന്തം ലേഖകന്‍ 12-08-2017 - Saturday

മെക്സിക്കോ സിറ്റി: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വൈദികർക്കു നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമായി നടക്കുന്നത് മെക്സിക്കോയിലാണെന്ന് പഠനം. കത്തോലിക്ക മൾട്ടിമീഡിയ സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. മെക്സിക്കൻ പ്രസിഡന്റ് എൻറിക് പെന നീറ്റോയുടെ ഭരണത്തിൻ കീഴില്‍ 2012 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ പത്തൊൻപത് വൈദികരും രണ്ട് അല്മായരുമാണ് വധിക്കപ്പെട്ടത്. കാണാതായ രണ്ട് വൈദികരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലായെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

വൈദികാക്രമണത്തിന് പുറമേ മെക്സിക്കൻ സിറ്റിയിലെ മെട്രോപോളീറ്റന്‍ കത്തീഡ്രൽ ദേവാലയവും മെക്സിക്കൻ മെത്രാൻ സമിതി കാര്യാലയവും ആക്രമിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് അക്രമം വ്യാപിക്കുന്നതായും റിപ്പോർട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സഭയുടെ സേവനവും കുടിയേറ്റക്കാർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും തടസ്സം സൃഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യം.

2017-ല്‍ വൈദികര്‍ക്ക് നേരെ നടന്ന ആക്രമണത്തെ പറ്റിയും കത്തോലിക്ക മൾട്ടിമീഡിയ സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. നാല് വൈദികരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. രണ്ട് തട്ടിക്കൊട്ടുപോകലും വൈദികര്‍ക്ക് നേരെ മറ്റ് അതിക്രമങ്ങളും ഈ വര്‍ഷം നടന്നു. വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണത്തില്‍ ഗവണ്‍മെന്‍റ് മൗനം വെടിയണമെന്നും ഇടയ ദൗത്യം സുരക്ഷിതമായി തുടരാനാവശ്യമായ സംരക്ഷണം ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.


Related Articles »