News - 2024

ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷങ്ങൾക്കും തുല്യ പരിഗണന വേണം: രാഷ്ട്രീയ പാർട്ടികളോട് പാക്ക് മെത്രാൻ സമിതി

പ്രവാചകശബ്ദം 06-01-2024 - Saturday

ലാഹോർ: ഇസ്ലാം മതസ്ഥര്‍ക്കു ലഭിക്കുന്നതുപോലെ തുല്യപരിഗണന ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷങ്ങൾക്കും ലഭ്യമാക്കുമെന്ന നയം തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോട് പാക്ക് മെത്രാൻ സമിതി. ഫെബ്രുവരി എട്ടാം തീയതി നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അവർ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. 1947ൽ രാജ്യം സ്ഥാപിതമായത് മുതൽ അമുസ്ലീങ്ങൾ രാജ്യത്തിൻറെ വികസനത്തിലും, അഭിവൃദ്ധിയിലും, സാംസ്കാരിക, സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെ വളർച്ചയിലും വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാനിലെ മെത്രാൻ സമിതിയുടെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷൻ ചൂണ്ടിക്കാട്ടി.

രാജ്യസ്ഥാപകനായ മുഹമ്മദ് അലി ജിന്നായുടെ ആഗ്രഹം പോലെയും, അദ്ദേഹം മുന്നോട്ടുവെച്ച പ്രവർത്തനരീതി അടിസ്ഥാനമാക്കിയും പാക്കിസ്ഥാൻ ഒരു ബഹുസ്വര, യഥാർത്ഥ ജനാധിപത്യ സമൂഹമായി മാറാൻ വേണ്ടി രാഷ്ട്രീയ പാർട്ടികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതാണ് മുന്നോട്ടുവെക്കുന്ന ആവശ്യമെന്ന് ക്രൈസ്തവ എഴുത്തുകാരനും, മാധ്യമപ്രവർത്തകനും മൈനോരിറ്റി കൺസേൺ എന്ന പ്രസിദ്ധീകരണത്തിന്റെ അധ്യക്ഷനുമായ അലക്സാണ്ടർ മുഗൾ പറഞ്ഞു. മുസ്ലീങ്ങൾ അല്ലാത്തവർക്ക് പാക്കിസ്ഥാൻ പാർലമെൻറിൽ സീറ്റുകൾ സംവരണം ചെയ്യണമെന്നും വിദ്യാലയങ്ങളിൽ മുസ്ലം മത വിശ്വാസികൾ അല്ലാത്തവരോടുള്ള വിദ്വേഷം അവസാനിപ്പിക്കണമെന്നും മുഗൾ പറഞ്ഞു.

മനുഷ്യാവകാശ ലംഘനങ്ങളുടെ ഈറ്റില്ലമാണ് പാക്കിസ്ഥാന്‍. രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷം കടുത്ത വിവേചനമാണ് നേരിടുന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. അവകാശം നിഷേധിച്ചും വ്യാജ മതനിന്ദ കേസുകള്‍ ആരോപിച്ചും ക്രൈസ്തവരെ വേട്ടയാടുന്നത് രാജ്യത്തു പതിവ് സംഭവമാണ്.