News - 2025
ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്കു നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ച് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന
പ്രവാചകശബ്ദം 15-01-2024 - Monday
കെയ്‌റോ: തെക്കൻ പ്രദേശമായ അപ്പർ ഈജിപ്തിലെ ദേവാലയങ്ങൾക്ക് എതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ യുകെ കേന്ദ്രമായ മനുഷ്യാവകാശ സംഘടന, ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (സിഎസ്‌ഡബ്ല്യു) അപലപിച്ചു. സർക്കാർ അനുമതിയോടെ നാല് മാസം മുന്‍പ് സ്ഥാപിച്ച അപ്പർ ഈജിപ്തിലെ മിന്യ പ്രവിശ്യയിലെ എബൗ ഖർഖാസിലെ മിഷാ അത്ത് സാഫറന ഗ്രാമത്തിലെ ഒരു താൽക്കാലിക ദേവാലയത്തിന് തീയിട്ടത് ഉൾപ്പെടെ രണ്ട് ദേവാലയങ്ങളെ ആക്രമിച്ച വാർത്ത സിഎസ്‌ഡബ്ല്യു ജനുവരി 11, വ്യാഴാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്.
അപ്പർ ഈജിപ്തിലെ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ സംഘടനയ്ക്കു ആശങ്കയുണ്ടെന്നും നിരപരാധികൾക്കെതിരെയുള്ള ഈ വിഭാഗീയ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും, സിഎസ്‌ഡബ്ല്യു സ്ഥാപക പ്രസിഡന്റ് മെർവിൻ തോമസ് പറഞ്ഞു. ഡിസംബർ 18ന്, മൂവായിരത്തോളം കോപ്റ്റിക് ക്രൈസ്തവർ അധിവസിക്കുന്ന അപ്പർ ഈജിപ്തിലെ മിന്യ പ്രവിശ്യയിലെ സമലൗട്ടിലെ അൽ-അസീബ് ഗ്രാമത്തിലെ അവരുടെ പുതിയ ഭവനങ്ങളും ദേവാലയനിർമാണ സ്ഥലവുമെല്ലാം പ്രദേശത്തെ തീവ്രവാദിസംഘം കല്ലുകളും നാടൻ ബോംബുകളും ഉപയോഗിച്ച് കൂട്ടാക്രമണം നടത്തി തീവെച്ചു നശിപ്പിക്കുകയായിരിന്നുവെന്ന് പറഞ്ഞു.
നവംബറിൽ എബൗ ഖർഖാസിലെ ബേനി ഖ്യാർ ഗ്രാമത്തിൽ ഒരു ക്രൈസ്തവ വിശ്വാസിയെ ജീവനോടെ കത്തിച്ചു. ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്തുക്കൾ വിൽക്കുന്നത് തടയുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിഭാഗീയത അടിച്ചമർത്തികൊണ്ടുള്ള നവീകരണത്തിനും തുല്യ പൗരത്വാവകാശങ്ങൾ ഉയർത്തിപ്പിടിക്കാന്‍ പ്രോത്സാഹിപ്പിച്ചുമുള്ള പ്രസിഡന്റ് അബ്ദുള്‍ ഫത്ത അല്‍ സിസിയുടെ പ്രതിജ്ഞാബദ്ധത അംഗീകരിക്കുമ്പോൾത്തന്നെ എല്ലാ ഈജിപ്ഷ്യൻ പൗരന്മാർക്കും അവർ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും മതവിശ്വാസ ജീവിതം നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മെർവിൻ തോമസ് ഈജിപ്ഷ്യൻ അധികാരികളോട് ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.