News - 2025
കാനഡയില്‍ മുപ്പത്തിമൂന്ന് ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കിയതായി റിപ്പോർട്ട്
പ്രവാചകശബ്ദം 19-01-2024 - Friday
ഒട്ടാവ: കാനഡയിലെ കത്തോലിക്ക ദേവാലയങ്ങൾക്ക് നേരെ 2021 മെയ് മാസം മുതൽ അരങ്ങേറിയ തീവയ്പ്പ് ആക്രമണങ്ങളിൽ മുപ്പത്തിമൂന്നെണ്ണം പൂർണ്ണമായും കത്തിനശിച്ചെന്ന് കനേഡിയൻ വാർത്താ ഏജൻസി. വിനാശകരമായ തീപിടുത്തങ്ങളിൽ ഇരുപത്തിനാലെണ്ണം മനഃപൂർവ്വമാണെന്നും രണ്ടെണ്ണം യാദൃശ്ചികമായി സംഭവിച്ചതാണെന്നും സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. 2019 ജനുവരി 1നും 2021 മെയ് മാസത്തിനും ഇടയിൽ കാനഡയിലെ പതിനാല് ദേവാലയങ്ങൾ കത്തിനശിച്ചു. 2021-ന്റെ ആരംഭത്തിൽ തദ്ദേശീയർക്കുവേണ്ടിയുള്ള മുൻ കത്തോലിക്കാ റസിഡൻഷ്യൽ സ്‌കൂളുകളിൽ "കൂട്ടക്കുഴിമാടങ്ങൾ" എന്ന അടിസ്ഥാനരഹിതമായ റിപ്പോർട്ടുകള്‍ പുറത്തുവന്നതിനെ തുടർന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കാനഡയിലെ കത്തോലിക്കാ ദേവാലയങ്ങൾക്ക് നേരെ നിരവധി ആക്രമണങ്ങൾ അരങ്ങേറിയത്.
ദേവാലയ തീപ്പിടുത്തങ്ങളിൽ പതിമൂന്നെണ്ണം നാട്ടിൻപുറങ്ങളിലും, പതിനാലെണ്ണം ഫസ്റ്റ് നേഷൻസ് ലാൻഡ് എന്നറിയപ്പെടുന്ന തദ്ദേശീയരുടെ പ്രദേശങ്ങളിലുമാണ് സംഭവിച്ചത്. 2021 മുതല്‍ അഗ്നിയ്ക്കിരയായ ആക്രമണങ്ങളില്‍, ഭൂരിഭാഗവും കത്തോലിക്കാ ദേവാലയങ്ങളാണ്. ആംഗ്ലിക്കൻ, ഇവാഞ്ചലിക്കൽ, യുണൈറ്റഡ് മതവിഭാഗങ്ങളെയും ബാധിച്ചു. ഇതിൽ ഒമ്പതെണ്ണത്തിൽ മാത്രമാണ് അറസ്റ്റ് നടന്നിട്ടുള്ളത്. 2022 ഓഗസ്റ്റിൽ ആൽബെർട്ടായിലെ ഫോർട്ട് ചിപ്യാനിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയവും 2023-ൽ മെയ് മാസത്തിൽ വടക്കൻ ആൽബർട്ടായിലെ 121 വർഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയവും പുനരുദ്ധാരണം നടത്താന്‍ കഴിയാത്തവിധം അഗ്നിക്കിരയാക്കി.
മുപ്പത്തിമൂന്നു ദേവാലയങ്ങൾ അഗ്‌നിക്കിരയായപ്പോൾ പലതും ആക്രമിക്കപ്പെട്ടെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റസിഡൻഷ്യൽ സ്‌കൂളുകളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവന്ന 2021 മെയ് മുതൽ രാജ്യത്തെ തൊണ്ണൂറ്റിയാറ് ക്രിസ്ത്യൻ ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കനേഡിയൻ വെബ്‌സൈറ്റായ ട്രൂ നോർത്തിന്റെ റിപ്പോര്‍ട്ട്.