News - 2024

ഹെയ്തിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികൾ മോചിതരായി

പ്രവാചകശബ്ദം 25-01-2024 - Thursday

പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയുടെ തലസ്ഥാന നഗരമായ പോർട്ട്-ഓ-പ്രിൻസിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്ക സന്യാസിനികൾ മോചിതരായി. സെന്റ് ആൻ കോൺഗ്രിഗേഷൻ അംഗങ്ങളായിരിന്നു സന്യാസിനികൾ. ഇന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവരെ സായുധധാരികൾ വിട്ടയച്ചതെന്ന് ഹെയ്തി ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ വത്തിക്കാൻ ന്യൂസിനോട് സ്ഥിരീകരിച്ചു.

ദൈവത്തിന് നന്ദി പറയുകയാണെന്നും ബിഷപ്പ് വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. സംഭവം വിശ്വാസത്തെ വീണ്ടും പരീക്ഷിച്ചിരിന്നുവെങ്കിലും പക്ഷേ അത് അചഞ്ചലമായി തുടരുകയാണെന്ന് അൻസെ-എ-വ്യൂ-മിറാഗോണിലെ ബിഷപ്പ് പിയറി-ആന്ദ്രേ ഡുമാസ് പറഞ്ഞു. “ഞങ്ങൾ ദൈവത്തോട് നിലവിളിച്ചു. പരീക്ഷണങ്ങളിൽ അവൻ ഞങ്ങളെ ശക്തരാക്കുകയും ബന്ദികളാക്കിയവരെ സ്വാതന്ത്ര്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു"- ബിഷപ്പ് ഡുമാസ് കൂട്ടിച്ചേർത്തു.

തട്ടിക്കൊണ്ടുപോകലിന് ഉത്തരവാദികളായവർ കന്യാസ്ത്രീകളെയും അവരുടെ ഡ്രൈവറെയും വിട്ടയക്കുന്നതിന് പകരമായി മൂന്നു മില്യൺ ഡോളർ ആവശ്യപ്പെട്ടതായി ഹെയ്തിയൻ ഔട്ട്‌ലെറ്റ് റെസോ നോഡ്‌വെസ് റിപ്പോർട്ട് ചെയ്തിരിന്നു. അതേസമയം ബന്ദികളെ വിട്ടയച്ചത് എന്തെല്ലാം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോർട്ട്-ഓ-പ്രിൻസിൽ ബസ് ഹൈജാക്കിംഗിനിടെ ആയുധധാരികളായ തോക്കുധാരികൾ ബന്ദികളാക്കുകയായിരിന്നു. ഇന്നലെ ജനുവരി 24ന് ഹെയ്തിയൻ കോൺഫറൻസ് ഓഫ് റിലീജിയസും (CHR) പോർട്ട്-ഓ-പ്രിൻസ് അതിരൂപതയും ബന്ദികളുടെ മോചനത്തിനായി പ്രാർത്ഥനാദിനം ആചരിച്ചിരുന്നു. പ്രാർത്ഥന, ധ്യാനം, ദിവ്യകാരുണ്യ ആരാധന എന്നിവ വിവിധ ദേവാലയങ്ങളിൽ നടന്നു. ഇതിന് പിന്നാലെയാണ് മോചനമെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.


Related Articles »