News - 2024

ആരാധനക്രമ ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു

പ്രവാചകശബ്ദം 07-02-2024 - Wednesday

വത്തിക്കാന്‍ സിറ്റി: സഭയിലെ നിയുക്ത ശുശ്രൂഷകർക്കും, അത്മായർക്കുമുള്ള ആരാധനപരിശീലനം എന്ന വിഷയത്തിൽ ആരാധനക്രമ ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു. ഇന്നലെ ആറാം തീയതി ആരംഭിച്ച പ്ലീനറി സമ്മേളനം ഫെബ്രുവരി ഒൻപതിനാണ് സമാപിക്കുക. "നിങ്ങൾ പോയി നമുക്ക് പെസഹാ ഭക്ഷിക്കേണ്ടതിനു ഒരുക്കങ്ങൾ ചെയ്യുവിൻ" (ലൂക്ക 22: 8) എന്ന വചനത്തെ കേന്ദ്രമാക്കിയാണ് സമ്മേളനം. ഡിക്കാസ്റ്ററിയിൽ അംഗങ്ങളായ എല്ലാവരും, വിദഗ്ദോപദേശ സമിതിയിലെ അംഗങ്ങളും പ്ലീനറി സമ്മേളനത്തിൽ പങ്കാളികളാകും. സഭയിലെ ആരാധനാക്രമപരിശീലനത്തിൽ നേരിടുന്ന വെല്ലുവിളികളും, പ്രായോഗിക മാര്‍ഗ്ഗങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അറുപതാം വാർഷികത്തിൽ, പ്രമാണ രേഖയായ സാക്രോംസാങ്തൂം കൊണ്‍ചീലിയും (ദൈവാരാധന) ഫ്രാൻസിസ് പാപ്പായുടെ 2022 ലെ അപ്പസ്തോലിക ലേഖനമായ ദെസിദേരിയോ ദേസിരാവിയിലും (Desiderio desiravi) മുൻപോട്ടു വയ്ക്കുന്ന ആരാധനാക്രമ രൂപീകരണത്തിൻ്റെ പ്രമേയം പരിശോധിക്കാനും പ്ലീനറി സമ്മേളനം ലക്ഷ്യംവെയ്ക്കുന്നുണ്ട്. ആരാധനക്രമ പരിശീലനത്തിൻ്റെ പ്രാധാന്യം അടിവരയിടുന്നതിനോടൊപ്പം മെത്രാന്മാർക്ക് അവരുടെ രൂപതകളിൽ അജപാലന പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകാനും സമ്മേളനം ഉപയോഗിക്കും. ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചകളും, പൊതുസമ്മേളനങ്ങളും പ്രാർത്ഥന കൂട്ടായ്മകളും പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.


Related Articles »