India - 2024

സിഎംഐ സന്യാസ സമൂഹം നൽകിയ സംഭാവനകൾ നിസ്‌തുലം: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 10-03-2024 - Sunday

മാന്നാനം: സീറോമലബാർ സഭയുടെ വളർച്ചയ്ക്കു സിഎംഐ സന്യാസ സമൂഹം നൽകിയ സംഭാവനകൾ നിസ്‌തുലമാണെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സിഎംഐ സമൂഹത്തിന്റെ ഭാഗത്തു നിന്ന് ഇനിയും ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി മാന്നാനം ആശ്രമ ദേവാലയത്തിലെത്തിയ മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു.

ആധുനിക കാലഘട്ടത്തിലെ സീറോമലബാർ സഭയെ ഇന്നു കാണുന്നതു പോലെ സുസംഘടിതമാക്കുന്നതിനും സഭയുടെ ശുശ്രൂഷാമേഖല ഭാരതം മുഴുവനുമായി വ്യാപിപ്പിക്കുന്നതിനും വേണ്ടി ഒട്ടേറെ ത്യാഗങ്ങളും കഷ്‌ടനഷ്ടങ്ങളും സഹിച്ച സിഎംഐ സമൂഹം പിറവിയെടുത്ത മണ്ണാണ് മാന്നാനം. ആധുനിക കാലഘട്ടത്തിലെ സീറോമലബാർ സഭയുടെ പിള്ളത്തൊട്ടിലാണു മാന്നാനം. - മാർ റാഫേൽ തട്ടിൽ പറഞ്ഞു.

ആശ്രമ ദേവാലയ കവാടത്തിൽ ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടി തിരി നൽകി മേജർ ആർച്ച്ബിഷപ്പിനെ സ്വീകരിച്ചു. വിശുദ്ധ ചാവറയച്ചൻ്റെ കബറിടത്തിൽ പ്രാർത്ഥിച്ചശേഷമാണു മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. സിഎംഐ സമൂഹത്തിന്റെ വികാർ ജനറൽ റവ. ഡോ. ജോസി താമരശേരി, പ്രോവിൻഷ്യൽമാരായ ഫാ. ആൻ്റണി ഇളംതോട്ടം, ഫാ. ഏബ്രഹാം വെട്ടിയാങ്കൽ തുടങ്ങിയവർ മേജർ ആർച്ച് ബിഷപ്പിനെ വരവേൽക്കാൻ എത്തിയിരുന്നു.


Related Articles »