News

13 വയസ്സ് മാത്രം പ്രായമുള്ള ഫിലിപ്പീനോ ബാലികയുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്‍റെ അനുമതി

പ്രവാചകശബ്ദം 18-03-2024 - Monday

മനില: പതിമൂന്നാം വയസ്സിൽ നിത്യസമാനത്തിനായി വിളിക്കപ്പെട്ട ഫിലിപ്പീൻസ് സ്വദേശിനിയായ പെൺകുട്ടി നിന റൂയിസ് അബാദിന്റെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട രൂപതാതല അന്വേഷണം ആരംഭിക്കാൻ വത്തിക്കാൻ അനുമതി. നിഹിൽ ഒബ്സ്റ്റാറ്റ് അനുമതി ലഭിച്ചതോടുകൂടി നിന ദൈവദാസിയായി അറിയപ്പെടും. ഇതോടുകൂടി പെൺകുട്ടി അംഗമായിരുന്ന ലാവോഗ് രൂപത നിന അസാധാരണ വിശുദ്ധ ജീവിതമാണോ നയിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കും. ദൈവകരുണയുടെ തിരുനാൾ ദിവസമായ ഏപ്രിൽ ഏഴാം തീയതി സെന്റ് വില്യം കത്തീഡ്രൽ ദേവാലയത്തിൽവെച്ചായിരിക്കും നടപടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുക. അന്ന് ഇതിനുവേണ്ടി രൂപീകരിച്ചിരിക്കുന്ന രൂപതാതല ട്രിബ്യൂണൽ ആദ്യത്തെ കൂടികാഴ്ച നടത്തും.

1979 ഒക്ടോബർ 31നു ക്യൂസോൺ നഗരത്തിലെ ക്യാപ്പിറ്റോൾ മെഡിക്കൽ സെൻററിൽ അഭിഭാഷക ദമ്പതികളുടെ മകൾ ആയിട്ടാണ് നിന ജനിച്ചത്. അവൾക്ക് മൂന്ന് വയസ്സ് മാത്രം ഉണ്ടായിരുന്നപ്പോൾ അവളുടെ പിതാവ് മരണപ്പെട്ടു. സഹോദരിയായ മേരി ആനിനൊപ്പം വളർന്നുവന്ന നിന വളരെ ചെറുപ്പത്തിൽ തന്നെ ദിവ്യകാരുണ്യത്തോട് വലിയ ഭക്തി പുലർത്തിയിരുന്നു. ജപമാലയും വിശുദ്ധ ബൈബിളും, പ്രാർത്ഥന പുസ്തകങ്ങളും മറ്റുള്ളവർക്ക് നൽകുന്നതിൽ അവൾ ആനന്ദം കണ്ടെത്തിയിരുന്നു. ഇതിനു ഇടയിലാണ് ഹൈപ്പർട്രോഫിക് കാർഡിയോമ്യോപ്പതി എന്ന ഹൃദയസംബന്ധമായ അസുഖം നിനയ്ക്ക് ഉണ്ടെന്ന് തിരിച്ചറിയുന്നത്.

ഫാ. ഡാനി പജാറാലിക എന്നൊരു കത്തോലിക്കാ വൈദികൻ അവളെ ആദ്യമായി കണ്ട സമയത്ത് പെൺകുട്ടി ആത്മീയമായി ഒരു പ്രത്യേകതയുള്ള ആളാണെന്ന് മനസ്സിലാക്കിയിരുന്നു. ദിവ്യകാരുണ്യത്തിലുള്ള അവളുടെ തീക്ഷ്ണമായ വിശ്വാസവും ആത്മീയ ചൈതന്യവും അവളെ സഹപാഠികൾക്കിടയിൽ വേറിട്ടതാക്കി. ഒരു മിഷ്ണറിയെന്ന നിലയിൽ, നടപ്പിലും ഭാവത്തിലും വരെ അവള്‍ ശ്രദ്ധാലുവായിരിന്നു. വെള്ളവസ്ത്രം ധരിച്ച് കഴുത്തിൽ ജപമാലയോടു കൂടിയാണ് നിന നടന്നിരുന്നത്.

1993 ഓഗസ്റ്റ് 16-ന് സ്‌കൂളിലാക്കുമ്പോൾ അവൾക്ക് ഹൃദയാഘാതമുണ്ടായി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒടുവിൽ നത്യതയിലേക്ക് യാത്രയായിരിന്നു. നിനയുടെ ജീവിതം പ്രാർത്ഥനയുടെയും ആരാധനയുടെയും യേശുവിനോടും, പരിശുദ്ധാത്മാവിനോടും പരിശുദ്ധ കന്യകാമറിയത്തോടും ആഴത്തിലുള്ള ബന്ധത്തിന്റെയും ജീവിതമായിരുന്നുവെന്ന് രൂപതയുടെ മെത്രാൻ റെനാറ്റോ മയൂഗ്ബ പറഞ്ഞു. സരാത്തിലെ സെമിത്തേരിയില്‍ അടക്കിയിരിക്കുന്ന നിനയുടെ കബറിടം ഇന്നു ഒരു തീർത്ഥാടന കേന്ദ്രമാണ്.


Related Articles »