News - 2024

സ്പെയിനിലെ തെരുവ് മുന്‍ ആര്‍ച്ച് ബിഷപ്പിന്റെ പേരില്‍ നാമകരണം ചെയ്യുവാന്‍ സിറ്റി കൗൺസിലിന്റെ തീരുമാനം

പ്രവാചകശബ്ദം 21-03-2024 - Thursday

സെവില്ലെ: സ്പെയിനിലെ സെവില്ലെ നഗരത്തിലെ മെട്രോപൊളിറ്റൻ സെമിനാരി സ്ഥിതി ചെയ്യുന്ന തെരുവിന് മുന്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് നല്‍കുവാന്‍ സിറ്റി കൗൺസിലിന്റെ തീരുമാനം. സെവില്ലെ അതിരൂപതയുടെ മുന്‍ അധ്യക്ഷനായി ഒരു പതിറ്റാണ്ടിലേറെ സേവനം ചെയ്ത ബിഷപ്പ് ജുവാൻ ജോസ് അസെൻജോയുടെ ആദരണാര്‍ത്ഥമാണ് ആര്‍ച്ച് ബിഷപ്പിന്റെ പേര് തെരുവിന് നല്കുവാന്‍ തീരുമാനമായിരിക്കുന്നത്.

ബിഷപ്പ് ജുവാൻ ജോസിന്റെ പിൻഗാമിയും നിലവിലെ സെവില്ലെ രൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് മോൺ. ജോസ് ഏഞ്ചൽ സൈസ് മെനെസെസും വിവിധ സിവിൽ അധികാരികളും തർഫിയ സ്ട്രീറ്റ് എന്ന പഴയ പേര് മാറ്റി പുതിയ ഫലകങ്ങൾ സ്ഥാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. പൈതൃകം, സംസ്കാരം, സാമൂഹിക പ്രവർത്തനങ്ങൾ, വിശ്വാസം എന്നിവയ്ക്കു വേണ്ടി ധീരമായി നിലക്കൊണ്ട വ്യക്തിയാണ് ബിഷപ്പ് ജുവാൻ ജോസ്. ആർച്ച് ബിഷപ്പിന് ആദരവ് അർപ്പിക്കാനുള്ള നിർദ്ദേശം നഗരത്തിൻ്റെ മേയർ ജോസ് ലൂയിസ് സാൻസാണ് ആദ്യമായി മുന്നോട്ടുവെയ്ക്കുന്നത്.

2009 ജനുവരിയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ സെവില്ലെ ആർച്ച് ബിഷപ്പായി നിയമിച്ചത്. പത്തുമാസത്തിനുശേഷം അദ്ദേഹം സെവില്ലെ അതിരൂപതയുടെ അധികാരം ഏറ്റെടുത്തു. അതിരൂപതയില്‍ 11 വര്‍ഷമാണ് അദ്ദേഹം നിസ്വാര്‍ത്ഥ സേവനം ചെയ്തത്. 2021 ഏപ്രിലിൽ, പ്രായ പരിധി 75 തികഞ്ഞതിനെ തുടര്‍ന്നു ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിൻ്റെ രാജി കത്തിന് അംഗീകാരം നല്‍കുകയായിരിന്നു.


Related Articles »