News - 2025
ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീഷണി: സ്പാനിഷ് ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ഒഎല്‍ആര്‍സി
പ്രവാചകശബ്ദം 25-02-2025 - Tuesday
മാഡ്രിഡ്: ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സ് സ്പാനിഷ് ദേവാലയങ്ങള്‍ക്കു നേരെ ഭീഷണി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ രാജ്യത്തെ കത്തീഡ്രലുകളിൽ സുരക്ഷ ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ തേടി ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കൺസൈൻസ് (OLRC) സംഘടന. ആയുധധാരിയായ ഒരു തീവ്രവാദിയും സ്പാനിഷ് കത്തീഡ്രലിൻ്റെ ചിത്രവും ചിത്രീകരിക്കുന്ന “ലെറ്റ്സ് കിൽ” എന്ന ഹാഷ്‌ടാഗോടുകൂടിയ ഒരു തീവ്രവാദ പോസ്റ്റർ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരിന്നു.
മുസ്ലീങ്ങൾക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ നിങ്ങളുടെ വൈകാരിക പ്രകടനം കാണിക്കണമെന്നും മുന്‍പുണ്ടായിരുന്ന സഹോദരങ്ങളുടെ കാൽപ്പാടുകൾ പിന്തുടരുകയും അവിശ്വാസികളുടെ ഹൃദയങ്ങളിൽ ഭീതി പരത്തുകയും ചെയ്യണമെന്ന സന്ദേശവും പ്രചരിച്ചിരിന്നുവെന്ന് സ്പാനിഷ് പത്രമായ La Razón റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീഷണികളുടെ പശ്ചാത്തലത്തില്‍ പ്രതിരോധം സൃഷ്ടിക്കാന്‍ കത്തീഡ്രലുകളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ മർലാസ്കയോട് ആവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കൺസൈൻസ്' ഒപ്പ് ശേഖരണം ആരംഭിച്ചിരിക്കുകയാണ്.
ഐഎസ് ഭീഷണികൾ അവഗണിക്കാനാവില്ലായെന്നും വിശ്വാസികളുടെ ജീവന്‍ അപകടത്തിലാണെന്നും ഓഎല്‍ആര്‍സി പ്രസ്താവിച്ചു. നേരത്തെ സ്പെയിനിലെ അല്‍ജെസിറാസ് പട്ടണത്തിലെ സാന്‍ ഇസിദ്രോ, ന്യൂ എസ്ത്രാ സെനോര ദെ പാല്‍മ ദേവാലയങ്ങളില്‍ കത്തിയുമായി ഇസ്ലാമിക തീവ്രവാദി ആക്രമണം നടത്തിയത് ഏറെ ചര്‍ച്ചയായിരിന്നു. ആക്രമണത്തില്‍ ഒരു ദേവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദികന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ ദേവാലയത്തില്‍ വീണ്ടും ആക്രമണ ശ്രമം നടന്നിരിന്നു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
