News

വന്‍ ദുരന്തത്തില്‍ പോറല്‍ പോലും എല്‍ക്കാതെ രക്ഷപ്പെട്ടു; തിരുഹൃദയ നാഥന്‍ ഒരുക്കിയ സംരക്ഷണമെന്ന് സ്പാനിഷ് കുടുംബം

പ്രവാചകശബ്ദം 11-02-2025 - Tuesday

മാഡ്രിഡ്: തന്റെ ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം താൻ നേരിട്ട ഗുരുതരമായ ഒരു വാഹനാപകടത്തിന്റെയും ആ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതിന്റെയും ഞെട്ടലും അമ്പരപ്പും സ്പാനിഷ് സ്വദേശിയായ ജോസ് മരിയ മയോറലിനെ ഇതുവരെ വിട്ടുമാറിയിട്ടില്ല. പൊടി പോലും ബാക്കിയുണ്ടാകാതെ ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമാകാമായിരിന്ന അത്രയ്ക്കും തീവ്രതയുള്ള ഒരു വാഹനാപകടത്തില്‍ നിന്നു രക്ഷപ്പെട്ടതിന് ഒരേയൊരു കാരണമേ ഈ കുടുംബത്തിന് ഇന്നു പറയാനുള്ളൂ - കാറില്‍ സൂക്ഷിച്ചിരിന്ന തിരുഹൃദയ ചിത്രം. തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയ യേശുവിന്റെ തിരുഹൃദയ സംരക്ഷണത്തിന് നന്ദി പറയുകയാണ് ഈ കുടുംബം.

അപകടത്തിന് ദിവസങ്ങൾക്ക് മുന്‍പ്, ഇടവക വൈദികന്‍ വിവാഹിതരായ ദമ്പതികള്‍ക്ക് തിരുഹൃദയത്തിന്റെ കാർഡുകൾ വിതരണം ചെയ്തിരുന്നു. പുതുവത്സര ആഘോഷത്തിനിടെ സ്പാനിഷ് പബ്ലിക് ടെലിവിഷനിൽ തിരുഹൃദയത്തെ അവഹേളിച്ച് നടന്ന പരിപാടിയ്ക്കെതിരെ ‍ പ്രതിഷേധം ആളിക്കത്തുന്ന സമയത്തായിരിന്നു വിതരണം. ദിവസങ്ങള്‍ പിന്നിട്ടു. കുടുംബം ഒരുമിച്ചുള്ള ഒരു യാത്രയായിരിന്നു അത്. “എല്ലാം നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു” എന്ന് ജോസ് പറയുന്നു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയൻ സ്ട്രിപ്പിലേക്കും പിന്നീട് വലത് ഗാർഡ്‌ റെയിലിലേക്കും വാഹനം ഇടിച്ചു. നിയന്ത്രണം വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ മറിഞ്ഞു.

ആഘാതത്തിന്റെ തീവ്രത അതിഭീകരമായിരിന്നെങ്കിലും വാഹനത്തിലുണ്ടായിരുന്ന ആറ് പേർക്ക് ഒരു പോറല്‍ പോലും സംഭവിച്ചില്ലായെന്ന് ജോസ് മരിയ പറയുന്നു. അപകടസ്ഥലത്ത് സിവിൽ ഗാർഡ് എത്തിയപ്പോൾ അവര്‍ പോലും ആശ്ചര്യഭരിതരായി. നന്ദി സൂചകമായി സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയും നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയും ചൊല്ലാന്‍ ഒരു ഉദ്യോഗസ്ഥന്‍ ശബ്ദമുയര്‍ത്തി. അത്രക്ക് അത്ഭുതകരമായ സംരക്ഷണമാണ് അവര്‍ക്ക് ലഭിച്ചത്. കണ്ടവര്‍ക്ക് എല്ലാം അത്ഭുതം - "എങ്ങനെ ഇവര്‍ എല്ലാവരും രക്ഷപ്പെട്ടു?".

അപകടം കണ്ട നിരവധി ട്രക്ക് ഡ്രൈവർമാരും മറ്റും സഹായിക്കാൻ നിർത്തിയതായി ജോസ് മരിയ പറയുന്നു. "അവരെല്ലാം ഒരേ കാര്യം സമ്മതിച്ചു: ആർക്കും പരിക്കേൽക്കാത്തതു വലിയ ഒരു അത്ഭുതമായിരിക്കുന്നു" - അദ്ദേഹം പറയുന്നു. തങ്ങളുടെ കാറിൽ തിരുഹൃദയ ചിത്രം സൂക്ഷിച്ചത് കേവലം യാദൃശ്ചികമല്ലായെന്നും വിവാഹനിശ്ചയം കഴിഞ്ഞതുമുതൽ തിരുഹൃദയ ഭക്തിയ്ക്കു പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മാസത്തിലെ ആദ്യ വെള്ളിയാഴ്ച, തങ്ങള്‍ വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുവാന്‍ ശ്രമിച്ചിരിന്നുവെന്ന് ജോസ് മരിയ പറയുന്നു. 2018 ജൂൺ 8ന് തിരുഹൃദയത്തിൻ്റെ തിരുനാളിലാണ് തങ്ങളുടെ ആദ്യ മകൾ ജനിച്ചതെന്നും അവർ എസിഐ പ്രെൻസയോട് പറഞ്ഞു.

നാല് മക്കളുടെ ജ്ഞാനസ്നാന നാമത്തില്‍ യേശുവിൻ്റെ തിരുഹൃദയം ഉണ്ട്. അപകടത്തിന് രണ്ട് ദിവസം മുന്‍പാണ് ഇളയ മകന്‍ മാമോദീസ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 2025 കലണ്ടറിനൊപ്പം തിരുഹൃദയത്തിന്റെ എല്ലാ ചിത്രങ്ങളും സിവിൽ ഗാർഡുകൾ, എമർജൻസി വർക്കർ, ടാക്സി ഡ്രൈവർ എന്നിവര്‍ക്ക് താന്‍ നല്‍കിയെന്ന് ജോസ് മരിയ വെളിപ്പെടുത്തി. മരണത്തെ മുന്നില്‍ കണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്ന ഈ കുടുംബം, മുന്നോട്ടുള്ള നാളില്‍ തിരുഹൃദയ ഭക്തി കൂടുതല്‍ പ്രചരിപ്പിക്കുവാനുള്ള ശ്രമത്തിലാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »