India - 2024

മലയാളം ഉള്‍പ്പെടെ ഇരുപതോളം ഭാഷകളില്‍ ഓഡിയോ & ടെക്സ്റ്റ് ബൈബിൾ ആപ്ലിക്കേഷന്‍

14-04-2024 - Sunday

മൊബൈല്‍ ആപ്ലിക്കേഷനിലൂടെ 20 ഭാഷകളില്‍ ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ എസ്ഡിബിക്കും ഇലോയിറ്റ് ഇന്നവേഷന്‍സ് സിഇഒ തോംസണ്‍ ഫിലിപ്പിനും കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ്. സലേഷ്യന്‍ സമൂഹാംഗമായ അംഗമായ ഫാ. ജോസുകുട്ടി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ് ഇന്നവേഷന്‍സ് ആണ് വികസിപ്പിച്ചെടുത്തത്.

ബംഗളൂരുവിലെ എൻബിസിഎൽസിയിൽ നടന്ന ചടങ്ങിൽ സുൽത്താൻപേട്ട് ബിഷപ്പും സിസിബിഐ കമ്മീഷൻ ഫോർ ബൈബിളിൻ്റെ ചെയർമാനുമായ ഡോ. ആന്റണിസാമി പീറ്റർ അബിർ പുരസ്‌കാരം സമ്മാനിച്ചു. ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ആന്‍ഡ്രോയഡിലും ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാക്കിയിട്ടുണ്ട്.

കോട്ടയം അതിരൂപതാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ കല്ലറ പഴയപ്പള്ളി (സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക) ഇടവകയിലെ മഠത്തിപറമ്പില്‍ തോമസ്‌ഗ്രേസികുട്ടി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 15 വര്‍ഷമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറിയായ ഫാ. ജോസുകുട്ടി സലേഷ്യന്‍ സമൂഹത്തിണ്റ്റെ ദിമപുര്‍ പ്രൊവിന്‍സ് അംഗവും ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്) ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകനാണ്.

ഇലോയിറ്റ് ഇന്നവേഷന്‍സ് എന്ന കമ്പനി സൗജന്യമായിട്ടാണ് ഇതിന്റെ ഡിസൈനും സാങ്കേതിക സഹായങ്ങളും ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭിക്കുന്ന ഈ ആപ്പിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ആസാമീസ് തുടങ്ങിയ ഇരുപതു ഭാഷകളില്‍ ബൈബിള്‍ ലഭ്യമാണ്.

** Google Play: ‍ https://play.google.com/store/apps/details?id=com.eloitinnovation.theholybibleintongues ‍

Apple App Store: https://apps.apple.com/in/app/the-holy-bible-in-tongues/id6444095813 ‍


Related Articles »