News - 2025
ഭ്രൂണഹത്യ അനുകൂല പരിപാടിയിലെ ബൈഡന്റെ കുരിശ് വരയ്ക്കല്‍: രൂക്ഷ വിമര്‍ശനവുമായി സ്പാനിഷ് ബിഷപ്പ്
പ്രവാചകശബ്ദം 30-04-2024 - Tuesday
മാഡ്രിഡ്: ഭ്രൂണഹത്യയെ പിന്തുണച്ചുള്ള റാലിയിൽ കുരിശടയാളം വരച്ച യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെതിരെ വിമര്‍ശനവുമായി സ്പെയിനിലെ ഒറിഹുവേല-അലികാന്‍റെ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ജോസ് ഇഗ്നാസിയോ. ഗര്‍ഭഛിദ്രത്തെ പിന്തുണച്ചുള്ള പരിപാടിയില്‍ ബൈഡന്‍ ചെയ്തത് വിദ്വേഷം നിറഞ്ഞ പ്രവര്‍ത്തിയാണെന്ന് ബിഷപ്പ് പറഞ്ഞു. 15 മുതൽ 6 ആഴ്ച വരെ ഫ്ലോറിഡ സംസ്ഥാനത്ത് ഗർഭഛിദ്രം നിരോധിക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഏപ്രിൽ 23ന് ഫ്ലോറിഡയിലെ ടാമ്പയിലെ പരിപാടിയിലാണ് ബൈഡന്‍ കുരിശ് വരച്ചത്.
ഭ്രൂണഹത്യയെ എതിര്‍ക്കുന്ന ബില്ലിൽ ഒപ്പിട്ടതിന് ഫ്ലോറിഡ ഗവർണറും മുൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ റോൺ ഡിസാൻ്റിസിനെ അപലപിച്ചു ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷ നിക്കി ഫ്രൈഡ് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ബൈഡന്‍റെ വിവാദ കുരിശ് വരയ്ക്കലുണ്ടായത്. ബൈഡന്‍ ചെയ്തത് ദൈവനിന്ദപരമായ പ്രവര്‍ത്തിയാണെന്നും ഗർഭഛിദ്രത്തെ പിന്തുണച്ച് യേശുക്രിസ്തുവിനെ വിളിക്കുന്നത് അവഹേളനാപരമാണെന്നും ബിഷപ്പ് ജോസ് ഇഗ്നാസിയോ പറഞ്ഞു.
യേശു നമുക്കുവേണ്ടി തൻ്റെ ജീവൻ നൽകി, എല്ലാ നിരപരാധികൾക്കും വേണ്ടി തൻ്റെ ജീവൻ നൽകി. നിരപരാധിത്വം പുനഃസ്ഥാപിക്കുന്നതിനും നമ്മെ വിശുദ്ധരാക്കുന്നതിനും വേണ്ടിയാണ് അവൻ തൻ്റെ ജീവൻ നൽകിയത്. കുരിശ് വരയ്ക്കുമ്പോള്‍ ഇതിന്റെ അനുസ്മരണം കൂടിയാണ് നടക്കുന്നതെന്നും എന്നാല്‍ ബൈഡന്‍ ഭ്രൂണഹത്യ അനുകൂല പരിപാടിയില്‍ ചെയ്തത് ഇതിനു വിപരീതമായ പ്രവര്‍ത്തിയാണെന്നും റേഡിയോ മരിയ എസ്പാനയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ ബിഷപ്പ് പറഞ്ഞു. ഒരു കത്തോലിക്കൻ തൻ്റെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും അതേ സമയം തന്നെ അതിൻ്റെ അർത്ഥം "വിശുദ്ധമായ രീതിയിൽ" വളച്ചൊടിക്കുകയും ചെയ്യാമെന്നതിന്റെ പരസ്യമായ ഉദാഹരണമാണ് ബൈഡന്‍റെ ഈ പ്രവര്‍ത്തിയെന്നും ബിഷപ്പ് ജോസ് ചൂണ്ടിക്കാട്ടി.