News
ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 21-12-2024 - Saturday
വത്തിക്കാന്‍ സിറ്റി: അടുത്ത മാസം അമേരിക്കയുടെ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ജോ ബൈഡനുമായി ഫ്രാൻസിസ് പാപ്പ ഫോണിൽ സംസാരിച്ചു. ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു. മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ആഗോള ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി പാപ്പ നടത്തിയ നിരവധി പരിശ്രമങ്ങളെയും പാപ്പയുടെ പ്രതിബദ്ധതയെയും പ്രസിഡന്റ് അനുസ്മരിച്ചു. മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ പരിശ്രമങ്ങൾക്ക് ബൈഡന്‍ നന്ദി അര്‍പ്പിച്ചു.
അടുത്ത മാസം വത്തിക്കാൻ സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പ നൽകിയ ക്ഷണം ജോ ബൈഡൻ സ്വീകരിക്കുകയും ചെയ്തു. അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ കാര്യം ഫ്രാൻസിസ് പാപ്പ പ്രസിഡന്റിനെ അറിയിച്ചു. വധശിക്ഷയ്ക്കെതിരെ നിരവധി തവണ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്ന വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. ജൂബിലി വർഷത്തിൽ ക്ഷമാപണം ഉള്‍പ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ ഭരണകൂടത്തിന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നു പാപ്പ പറഞ്ഞു.
വധശിക്ഷയ്ക്കെതിരെയുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഫെഡറൽ ജയിലുകളിൽ നിലവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാൽപ്പത് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന്, അമേരിക്കൻ മെത്രാൻ സമിതി അപേക്ഷിച്ചിരുന്നു. അതേസമയം യുഎസ് പ്രസിഡൻ്റ് സ്‌ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരിന്നു. ജനുവരി 9 മുതൽ 12 വരെ നടക്കുന്ന ഇറ്റലി-വത്തിക്കാൻ സന്ദർശത്തിനിടെയാകും കൂടിക്കാഴ്ച. ജനുവരി പത്തിനാകും ഫ്രാൻസിസ് മാർപാപ്പയെ ബൈഡൻ കാണുക.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟