India - 2025
ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയ്ക്കു ബസിലിക്ക പദവി
പ്രവാചകശബ്ദം 12-05-2024 - Sunday
തലശേരി: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. ഇതുസംബന്ധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ അറിയിപ്പ് അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു. ബസിലിക്ക പ്രഖ്യാപനത്തിൻ്റെ പ്രത്യേക ആഘോഷങ്ങൾ ഓഗസ്റ്റ് 14ന് നടക്കും. സീറോമലബാർ സഭയുടെ അഞ്ചാമത്തെ ബസിലിക്കയാണ് ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയം.
1948ൽ സ്ഥാപിതമായ ചെമ്പേരി ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഒരുങ്ങുമ്പോഴാണ് ബസിലിക്ക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ടിന്റെയും സഹവികാരിമാ രുടെയും പള്ളി കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ബസിലിക്ക പ്രഖ്യാപനത്തിന്റെ ആഘോഷങ്ങൾ ക്രമീകരിക്കുന്നത്. നിലവിലെ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഓഗസ്റ്റ് 14ന് പൂർത്തിയാകുന്നതോടെ വലുപ്പംകൊണ്ടും സൗകര്യങ്ങൾകൊണ്ടും ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായി ഇതു മാറും.1400 കുടുംബങ്ങളുള്ള ചെമ്പേരി ഇടവക മലബാറിലെ ഏറ്റവും വലിയ മരിയ ൻ തീർഥാടനകേന്ദ്രം കൂടിയാണ്.
നിലവിൽ 12 ഇടവകകളുള്ള ഫൊറോനയാണ് ചെമ്പേരി. നൂറിലധികം വൈദികരും മുന്നൂറിലധികം സിസ്റ്റേഴ്സും ചെമ്പേരി ഇടവകയിൽനിന്ന് ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. മാർപാപ്പയുടെ പള്ളി എന്ന പദവിയാണ് ഒരു ദേവാലയത്തെ ബസിലിക്ക പദ വിയിലേക്ക് ഉയർത്തുമ്പോൾ ലഭിക്കുന്നത്. മാർപാപ്പ ഒരു സ്ഥലം സന്ദർശിക്കു മ്പോൾ ബസിലിക്കയിൽ വച്ചാണ് ദൈവജനത്തോടു സംസാരിക്കുന്നത്. ഇന്ത്യയിൽ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ട 32 ദേവാലയങ്ങളുണ്ട്. ലത്തീൻ സഭയിൽ 27 എണ്ണവും സീറോ മലങ്കര സഭയിൽ ഒന്നും സീറോമലബാർ സഭയിൽ നാല് ബസിലിക്കകളുമാണ് നിലവിലുള്ളത്.