India - 2025

അൽഫോൻസാമ്മ ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും സ്വർഗീയ നിക്ഷേപമാക്കി: മാർ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 20-07-2024 - Saturday

ഭരണങ്ങാനം: കുറ്റപ്പെടുത്തലുകൾ ഏല്‍ക്കേണ്ടി വന്നെങ്കിലും സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനം തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

അൽഫോൻസാമ്മ ഒരിക്കലും സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചില്ല. മറിച്ച് അഴിഞ്ഞില്ലാതാകാൻ ആഗ്രഹിച്ചു. അവളുടെ സമർപ്പണം അചഞ്ചലമായിരുന്നു. ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും സ്വർഗീയ നിക്ഷേപമാക്കി മാറ്റാൻ അൽഫോൻസാമ്മയ്ക്കു സാധിച്ചു. അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇന്ന് അൽഫോൻസാമ്മയുടെ കബറിടത്തിലേക്ക് ഉറ്റുനോക്കുന്നതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

തിരുനാളിന്റെ ആദ്യദിനമായ ഇന്നലെ റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഫാ. മാർട്ടിൻ മാന്നാത്ത്, ഫാ. ജോർജ് പാറേക്കുന്നേൽ, ഫാ. എബി അമ്പ ലത്തുങ്കൽ, ഫാ. തോമസ് പനയ്ക്കഴിയിൽ, പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം നടത്തിയ ജപമാലപ്രദക്ഷിണത്തിന് ഫാ. ജോർജ് ഈറ്റയ്ക്ക ക്കുന്നേൽ നേതൃത്വം നല്കി.


Related Articles »