News - 2025

ക്ഷമ: അൽഫോൻസാമ്മ വീരോചിതമായി അഭ്യസിച്ച പുണ്യം | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 17

സി. റെറ്റി FCC 17-07-2024 - Wednesday

"എനിക്ക് എത്ര മനോവേദന ഉണ്ടായാലും ഞാൻ ആ വേദന ഈശോയുടെ തിരുഹൃദയ മുറിവിൽ ഒരു പുഷ്പമായി കാഴ്ചവച്ചുകഴിയുമ്പോൾ അത് നല്ല ആശ്വാസമായി പകർന്നു കഴിയും" - വിശുദ്ധ അൽഫോൻസാ.

ക്രിസ്തീയതയുടെ മകുടമായി ക്ഷമിക്കുന്ന സ്നേഹത്തെ ആധ്യാത്മിക പിതാക്കന്മാർ എടുത്തു കാണിക്കുന്നു. ക്ഷമിക്കുന്ന സ്നേഹത്തിലൂടെ യേശുവിന്റെ കൃപയും സ്നേഹവും മനുഷ്യവ്യക്തിയിൽ സാക്ഷാത്കരിക്കപ്പെടുന്നു. ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് ദൈവത്തിന്റെ വാഗ്ദാനം നമ്മിൽ യാഥാർത്ഥ്യമാക്കാൻ ക്ഷമ അനിവാര്യമാണ്: ക്ഷമ നമ്മുടെ ആത്മാവിനെ ശക്തിപ്പെടുത്തും. മറ്റുള്ളവർ നമ്മോട് അപ്രിയമായി പെരുമാറുമ്പോൾ നമ്മുടെ ക്ഷമയുടെ മാറ്റാറിയുന്നുവെന്നുവെന്ന് വിശുദ്ധ ഫ്രാൻസിസ് ഉപദേശിക്കുന്നു. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ക്ഷമക്കായി പ്രാർത്ഥിക്കുമ്പോൾ ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ അത് ക്ഷമിക്കുമെന്ന് യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു (Mk:11/25,26). തെറ്റ് ചെയ്യുന്നവനോട് ഏഴ് 70 പ്രാവശ്യം ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ട് ക്ഷമയ്ക്ക് പരിധികളും പരിമിതികളും ഇല്ലെന്ന് യേശു പ്രഖ്യാപിച്ചു (Mt:18/12,22).

വിശുദ്ധർ ക്ഷമയുടെ മാതൃകകളാണ്.നമ്മെ ഉപദ്രവിക്കുന്നവർ നമുക്ക് ഉപകാരം ചെയ്യുകയാണ്, ഉപദ്രവിക്കുന്നവരോട് ക്ഷമയും സ്നേഹവും പ്രകടിപ്പിച്ച ദൈവത്തിന്റെ കരുണ നേടാൻ നമുക്ക് അവസരങ്ങൾ പ്രദാനം ചെയ്യുകയാണ് ശത്രുക്കളുടെ ദ്രോഹ പ്രവർത്തികളെ ക്ഷമയും സ്നേഹവും കൊണ്ട് ദൈവകൃപയുടെ സ്വർണ്ണഖനികളാക്കി മാറ്റിയ വിശുദ്ധരെ നമ്മൾ മാതൃകകൾ ആക്കണം.

മഹാത്മാഗാന്ധി പറഞ്ഞു: "ദുർബലനായ ഒരു വ്യക്തിക്ക് ക്ഷമിക്കാൻ കഴിയുകയില്ല ക്ഷമ ശക്തന്മാരുടെ ആയുധമാണ്". ക്ഷമ ബലഹീനതയുടെ അടയാളമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണങ്ങാനത്തെ അൽഫോൻസാമ്മ ക്ഷമയുടെ ഉജ്ജ്വല മാതൃകയാണ് അൽഫോൻസാമ്മയിൽ ഏറ്റവും ആകർഷകമായി കാണാൻ കഴിഞ്ഞിട്ടുള്ളത് അവളുടെ ശത്രുസ്നേഹം ആയിരുന്നുവെന്ന് സിസ്റ്റർ സെറാഫിന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് അവളുടെ ഏറ്റവും വലിയ കൂട്ടുകാരിയായിരുന്ന ലക്ഷ്മിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു "ഇങ്ങോട്ട് പിണങ്ങിയാലും അവൾ ആരോടും പിണങ്ങത്തില്ല ആരുടെയും കുറ്റം പറയില്ല".

തൊണ്ണംകുഴി സ്കൂളിൽ മൂന്നാം ക്ലാസ് ജയിച്ചതിനുശേഷം അന്നക്കുട്ടി മുട്ടുചിറയിലേക്ക് പോയി വളർത്തമ്മയായ പേരമ്മയുടെ മകനും അന്നക്കുട്ടിയുടെ സമപ്രായക്കാരനും ആയിരുന്ന ആപ്പച്ചൻ നിരവധി കുസൃതികൾ ഒപ്പിക്കും ആയിരുന്നു. ഒരിക്കൽ വീട്ടിൽ വിരുന്നുകാർ വന്നപ്പോൾ കറി വയ്ക്കാനുള്ള പച്ചമത്സ്യത്തിന് അന്നക്കുട്ടിയെ കാവൽ ഏൽപ്പിച്ചിട്ട് പേരമ്മ എന്തോ എടുക്കാൻ പോയി. എന്നാൽ അപ്പച്ചൻ പട്ടിയെ മുറിയിൽ കയറ്റി വിട്ടു.

പട്ടി മീൻ തിന്നു തീർത്തു. സത്യം അറിയാതെ കുട്ടിയെ കണക്കിന് ശകാരിച്ചു. എന്നാൽ അവൾ കുറ്റം നിഷേധിക്കുകയോ അപ്പച്ചനെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. മറ്റൊരിക്കൽ ആപ്പച്ചൻ വീട്ടിലുണ്ടായിരുന്ന തേൻ മുഴുവൻ കട്ടു കുടിച്ചു അന്നക്കുട്ടിയാണ് തേൻ കുടിച്ചതെന്ന് അവൻ കുറ്റപ്പെടുത്തി പക്ഷേ അന്നക്കുട്ടി ക്ഷമാപൂർവ്വം നിശബ്ദത പാലിച്ചു.

കോൺവെന്റിൽ 16 വർഷം അൽഫോൻസാമ്മയുമായി അടുത്ത പരിചയമുണ്ടായിരുന്ന സിസ്റ്റർ ഗബ്രിയേൽ പറയുന്നു: "ശത്രുസ്നേഹം അൽഫോൻസാമ്മ സ്വജീവിതത്തിൽ വിരോചിതമായി അഭ്യസിച്ചിരുന്നു ഏതെങ്കിലും തരത്തിൽ തന്നോട് നീരസം തോന്നിയവർക്ക് അവൾ പ്രത്യേക സഹായങ്ങൾ ചെയ്തു കൊടുക്കുകയും സമ്മാനങ്ങൾ നൽകുകയും സ്നേഹപൂർവ്വം പരിചരിക്കുകയും ചെയ്തിരുന്നു."

അൽഫോൻസാമ്മയ്ക്ക് വളരെ ഇഷ്ടമുള്ള ഒരു വ്യക്തി നൽകിയ സമ്മാനം അവൾ വളരെ ഭദ്രമായി സൂക്ഷിച്ചിരുന്നു അവളെ വളരെയേറെ വേദനിപ്പിച്ചിട്ടുള്ള ഒരു സിസ്റ്റർ ഇത് വളരെ ഭംഗിയായിരിക്കുന്നല്ലോ എന്ന് പറഞ്ഞു ഉടനെ അൽഫോൻസാമ്മ അത് അ സിസ്റ്ററിന് നിർബന്ധിച്ചു നൽകി. പിന്നീട് ആ സഹോദരി സുഖമില്ലാതെ കിടന്നപ്പോൾ അടുത്ത് ചെന്ന് ആശ്വാസവാക്കുകൾ പറയുകയും വേദനയുള്ള ഭാഗം തിരുമി കൊടുക്കുകയും ചെയ്തു. അൽഫോൻസാമ്മയുടെ പ്രവൃത്തിയിൽ അത്ഭുതപ്പെട്ട് ആ സിസ്റ്റർ പറഞ്ഞു, "എന്റെ അൽഫോൻസാമ്മ സഹോദരിയെ ഞാൻ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ട് എന്നിട്ടും എന്നോട് ഇങ്ങനെ "......

1936 ഓഗസ്റ്റ് 14ന് അൽഫോൻസാമ്മ തന്റെ ആദ്ധ്യാത്മിക ഡയറിയിൽ എഴുതി - "ചെയ്യാത്ത തെറ്റുകൾക്ക് കുറ്റപ്പെടുത്തപ്പെട്ടാലും ഞാൻ പറയും, ഞാൻ ഖേദിക്കുന്നു: എന്നോട് ക്ഷമിക്കണമേ". രോഗശയ്യയിൽ കിടന്നുകൊണ്ട് അൾത്താരയിൽ പൂക്കൾ അർപ്പിക്കുന്ന ഭാവചലനങ്ങളോടെ അൽഫോൻസാമ്മ പ്രാർത്ഥിച്ചിരുന്നു. "ഓ എന്റെ ദൈവമേ, എന്നെ വേദനിപ്പിച്ചിട്ടുള്ള എല്ലാവരോടും, എപ്പോഴും ഞാൻ ക്ഷ മിച്ചിട്ടുണ്ട് എനിക്ക് അവരോട് യാതൊരു നീരസവുമില്ല: അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക്അ റിഞ്ഞുകൂടായിരുന്നു.സ്നേഹനാഥനായ ദൈവമേ അങ്ങ് എന്റെ പാപങ്ങൾ ക്ഷമിച്ചതുപോലെ അവരുടെ പാപങ്ങളും ക്ഷമിക്കണമേ".

തന്നെ ദ്രോഹിക്കുന്നവരോട് അൽഫോൻസാമ്മ പ്രകടിപ്പിച്ചിരുന്ന പ്രത്യേക സ്നേഹവും ക്ഷമയും മൂലം മഠത്തിലെ സിസ്റ്റേഴ്സിന് ഇടയിലെ രസകരമായ ഒരു സംസാരം ഇങ്ങനെയായിരുന്നു: "അൽഫോൻസാമ്മയുടെ പ്രത്യേക സ്നേഹം അനുഭവിക്കാൻ അവളോട് ശത്രുത പുലർത്തിയാൽ മതി". ശത്രുസ്നേഹത്തിൽ അൽഫോൻസാമ്മ ആനന്ദം കണ്ടെത്തിയിരുന്നു അവൾ പറഞ്ഞു: "ശാരീരിക വേദനയെക്കാൾ തീവ്രത മാനസിക പീഡകൾക്കാണ് മറ്റുള്ളവർ എനിക്കെതിരെ ദുരാരോപണം ഉയർത്തുമ്പോൾ ഒത്തിരി വേദന തോന്നും, അവരോട് പ്രതികാരം ചെയ്യണമെന്നും തോന്നും,പ്രതികാരം ചെയ്യുന്നതിന് പകരം ഞാൻ അവർക്ക് ഒരു സമ്മാനം കൊടുക്കും. എന്നെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കുമ്പോൾ, സ്നേഹത്തോടും ശാന്തതയോടും കൂടി എതിർപ്പുകളെ അഭിമുഖീകരിക്കുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത അവർണ്ണനീയമായ സന്തോഷം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞ കവിയും".

നാം കാണുന്നത് സഹിക്കാനും ക്ഷമിക്കാനും ബുദ്ധിമുട്ടുള്ള ഒരു ലോകമാണ്, പ്രതികാരമാണ് ഇന്ന് എവിടെയും കാണുക. മറ്റുള്ളവരുടെ വേദനയോ ദുഃഖമോ നമുക്ക് പ്രശ്നമല്ല ചിലപ്പോൾ അത് നമ്മെ സന്തോഷിപ്പിച്ചെന്നും വരും അവൻ അനുഭവിക്കട്ടെ എന്ന് പറഞ്ഞ് നാം ആശ്വസിക്കാം ഇത്തരം ക്രൂരമനസ്സുകൾക്കിടയിലാണ് അവരുടെ വേദനകൾ കൂടി ഏറ്റെടുക്കാൻ തയ്യാറായ അത്ഭുതകന്യകയായ അൽഫോൻസാമ്മയെ നാം കാണുന്നത് ക്ഷമയുടെ സ്നേഹത്തിന്റെ വിട്ടുകൊടുക്കലിന്റെ ഏറ്റെടുക്കലിന്റെ പാഠമാണ് അവൾ നമുക്കും ഉപദേശിക്കുന്നത്. നമുക്കും ധീരകന്യകയുടെ മാതൃക സ്വന്തമാക്കാം.


Related Articles »