India - 2024

കേരള കത്തോലിക്ക സഭ നടത്തുന്ന പുരനധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തി

പ്രവാചകശബ്ദം 08-08-2024 - Thursday

കല്‍പ്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന പുരനധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് ആവശ്യമായ ആലോചനകളും ചർച്ചകളും നടത്തുന്നതിനായി കേരള കത്തോലിക്ക സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ ദുരന്തനിവാരണ സമിതി അംഗങ്ങൾ ഉരുൾപൊട്ടൽ ബാധിത മേഖലകൾ സന്ദർശിച്ച് ചർച്ചകൾ നടത്തി. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച സംഘം രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. ഉരുൾപൊട്ടലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സമീപപ്രദേശത്തെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ അഭപ്രായങ്ങള നിർദ്ദേശങ്ങളും ആരായുകയും ചെയ്‌തു. ദുരിതബാധിത പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ താല്ക്കാലികമായി വസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.

മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ റവന്യൂ മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്, ടി. സിദ്ദിഖ് എംഎൽഎ, കളക്‌ടർ ഡി.ആർ. മേഖശ്രീ, മുണ്ടക്കൈ ദുരന്തം സ്പെഷൽ ഓഫീസർ ശ്രീറാം സാംബശിവറാവു എന്നിവരുമായി സമിതി അംഗങ്ങൾ ചർച്ച നടത്തി. കേരള കത്തോലിക്കാ സഭ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന 100 ഭവനങ്ങളുടെ നിർമ്മാണം, ഗൃഹോപകരണങ്ങളും ജീവനോപാധികളും ലഭ്യമാക്കൽ, മാനസികാരോഗ്യ വിരണ്ടെടുക്കൽ പ്രവർത്തനങ്ങൾ എന്നിവയുടെ തുടർ നടപടികളെക്കുറിച്ചും സ്വസ്ഥിര പുനരധിവാസം പൂർത്തിയാകുംവരെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു മാറ്റി താല്ക്കാലിക വാസസ്ഥലങ്ങളിൽ താമസിപ്പിക്കുന്നതിനെക്കുറിച്ച് സംഘം സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തി.

കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറ്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, കെ.സി.ബി.സിയുടെ ദുരന്തപുനരധിവാസ കമ്മിറ്റി അംഗങ്ങളായ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആൻ്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ എന്നിവരാണ് സന്ദർശക സംഘത്തിലുള്ളത്. സമിതി അംഗങ്ങളോടൊപ്പം ഡബ്ല്യു.എസ്എസ്എസ് ഡയറക്‌ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ശ്രേയസ് ഡയറക്‌ടർ ഫാ. ഡേവിഡ് ആലുങ്കൽ, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്‌ടർ ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ, പെരിക്കല്ലൂർ പള്ളിവികാരി ഫാ. ജോർജ് കപ്പുകാലാ എന്നിവരും ദുരന്തഭൂമി സന്ദർശിച്ചു. കെസിബിസിയുടെ ദുരന്ത പുനരധിവാസ കമ്മിറ്റി അംഗങ്ങൾ രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്‌ടർമാരോടു ചേർന്ന് ചർച്ചകളും പ്രവർത്തന മാർഗരേഖാരൂപീകരണവും നടത്തി അന്തിമറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.


Related Articles »