News - 2025
വയനാട് - വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്ക സഭ വാഗ്ദാനം ചെയ്ത 100 ഭവനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ഈ മാസം
പ്രവാചകശബ്ദം 06-12-2024 - Friday
കൊച്ചി: കത്തോലിക്ക സഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദേശങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. സഭാസംവിധാനത്തില്‍ ദുരിതബാധിതര്‍ക്കുള്ള ഭവനനിര്‍മ്മാണത്തിനായി ഇതുവരെ എട്ടുകോടി പത്തുലക്ഷത്തി ഇരുപത്തയ്യായിരും രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട്. സഹകരിച്ചവരോടുള്ള നന്ദിയായും ദുരിതബാധിതരോടുള്ള നീതിയായും ഈ മാസം തന്നെ അനുയോജ്യമായ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്ന് സമാപിച്ച കെസിബിസി യോഗം തീരുമാനിച്ചു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് കതോലിക്കാബാവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണെന്നും കെസിബിസി പ്രസ്താവനയില്‍ അറിയിച്ചു.