News

തന്റെ ദാസിക്ക് ഏറ്റവും മികച്ചത് നൽകണമെന്ന് അവിടുത്തേക്ക് അറിയാം: ദൈവത്തിന് നന്ദിയര്‍പ്പിച്ച് ബ്രസീലിയൻ ജിംനാസ്റ്റിക്ക് താരം

പ്രവാചകശബ്ദം 12-08-2024 - Monday

പാരീസ്: സുവര്‍ണ്ണ നേട്ടത്തില്‍ യേശുവിന് നന്ദിയര്‍പ്പിച്ച് പാരീസ് ഒളിംപിസ്കില്‍ സ്വർണ്ണ മെഡൽ സ്വന്തമാക്കിയ ബ്രസീലിയൻ ജിംനാസ്റ്റിക്ക് താരം റെബേക്ക ആന്ദ്രേഡ്. വനിതാ ഫ്ലോർ ഫൈനലിൽ സ്വർണ്ണ മെഡൽ നേടിയ താരം തൻ്റെ രണ്ടാമത്തെ ഒളിമ്പിക്സ് സ്വർണ്ണമാണ് സ്വന്തമാക്കിയിരിക്കുന്നത്. കേസ് ടിവി എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചത്. ദൈവം എപ്പോഴും തന്നെ അനുഗ്രഹിക്കുകയും തന്നെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് താരം റെബേക്ക പറഞ്ഞു.

“ഈ മെഡൽ നേട്ടം ഞാന്‍ ദൈവത്തോട് ചോദിച്ചതുകൊണ്ടല്ല; അവിടുന്ന് എനിക്ക് വിജയിക്കാൻ അവസരം തരികയാണ് ചെയ്തത്. ഞാൻ കടന്നുപോകേണ്ട എല്ലാ കാര്യങ്ങളിലൂടെയും ഞാൻ കടന്നുപോയി: ഞാൻ ജോലി ചെയ്തു, ഞാൻ വിയർത്തു, ഞാൻ കരഞ്ഞു, ഞാൻ കഠിനമായി ശ്രമിച്ചു, ഞാൻ ചിരിച്ചു, ഞാൻ ആസ്വദിച്ചു, ഞാൻ യാത്ര ചെയ്തു. ഞാൻ ഇതും സാധ്യമാക്കിയതായി എനിക്ക് തോന്നുന്നു. അവിടുന്ന് എപ്പോഴും എന്നെ അനുഗ്രഹിക്കുകയും എന്നെ സംരക്ഷിക്കുകയും എന്നിൽ അഭിമാനിക്കുകയും ചെയ്യുന്നു. തന്റെ ദാസിക്ക് എപ്പോഴും ഏറ്റവും മികച്ചത് നൽകണമെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവിടുന്ന് തനിക്ക് വിജയം സമ്മാനിക്കുകയായിരിന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലോക ശ്രദ്ധ നേടിയ ബ്രസീലിയൻ ജിംനാസ്റ്റിക്ക് താരമാണ് റെബേക്ക. ഇരുപത്തിയഞ്ച് വയസ്സു മാത്രം പ്രായമുള്ള താരം മൊത്തം ആറ് ഒളിമ്പിക്‌സ് മെഡലുകള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതു മെഡലുകളും നേടിയ അവർ, എക്കാലത്തെയും ഏറ്റവും മികച്ച ബ്രസീലിയൻ, ലാറ്റിനമേരിക്കൻ ജിംനാസ്റ്റിക്ക് താരം കൂടിയാണ്. തന്റെ നേട്ടങ്ങള്‍ക്കിടയിലും ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന താരത്തിന് സമൂഹ മാധ്യമങ്ങളില്‍ ദശലക്ഷകണക്കിന് ഫോളോവേഴ്സാണ് ഉള്ളത്.


Related Articles »