News - 2025

ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ പാപ്പയുടെ ചിത്രം

പ്രവാചകശബ്ദം 01-03-2025 - Saturday

വത്തിക്കാന്‍ സിറ്റി: ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം. റോമിലെ ജെമെല്ലി ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ നിലയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു പ്രാര്‍ത്ഥന അര്‍പ്പിച്ചാണ് രൂപത്തില്‍ പാപ്പയുടെ ചിത്രം പ്രൊജക്റ്റ് ചെയ്തത്. ഫ്രാൻസിസ് മാർപാപ്പയുടെയും നമ്മുടെ രാജ്യത്തിൻ്റെയും ആരോഗ്യത്തിനായി ദൈവത്തോടുള്ള പ്രാർത്ഥനയുടെയും മാധ്യസ്ഥ്യത്തിൻ്റെയും അടയാളമാണ് ഇതെന്ന് ബ്രസീലിലെ റിയോ ഡി ജനീറോ ആർച്ച് ബിഷപ്പ്, കർദ്ദിനാൾ ഒറാനി ടെമ്പസ്റ്റ പറഞ്ഞു.





ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ബ്രസീലിലെ സഭ മുഴുവനും പ്രാർത്ഥിക്കുകയാണെന്നും ദുഷ്‌കരമായ ഈ സമയത്ത് നാം വളരെ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാപ്പയുടെ ചിത്രത്തോടൊപ്പം Stay Strong എന്ന വാക്യങ്ങളും രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരിന്നു. ഇത് വിവിധ ഭാഷകളില്‍ മിന്നിമറഞ്ഞു. 38 മീറ്റര്‍ ഉയരമുള്ള റിയോ ഡി ജെനീറോയിലെ കോര്‍ക്കൊവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപം ഏഴു നവ ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് പരിഗണിച്ചു വരുന്നത്. ഓരോ വര്‍ഷവും ലക്ഷകണക്കിനാളുകളാണ് രൂപം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »