India - 2025
പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിൽ നിയമവിരുദ്ധമായി നിസ്‌കാര സൗകര്യം ആവശ്യപ്പെട്ടു നടത്തുന്ന നീക്കങ്ങൾ ദുരൂഹം: കോതമംഗലം രൂപത
പ്രവാചകശബ്ദം 13-08-2024 - Tuesday
കോതമംഗലം: നിസ്‌കാര സഥലത്തിന് അവകാരം ഉന്നയിച്ച് മുവാറ്റുപുഴ നിർമ്മല കോളേജിൽ അരങ്ങേറിയ വിവാദങ്ങൾക്ക് ശേഷം കോതമംഗലം, പൈങ്ങോട്ടൂരുള്ള സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടു വിദ്യാർത്ഥിനികളും അവരുടെ മാതാപിതാക്കളും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് അനാവശ്യ വിവാദം സൃഷ്ടിച്ച് മാതൃകാപരമായി പ്രവർത്തിക്കുന്ന സ്‌കൂളിൻറെ സുഗമമായ നടത്തിപ്പിന് തടസ്സം ഉണ്ടാക്കുന്നത് പ്രതിഷേധാർഹമാണെന്ന് കോതമംഗലം രൂപത. പരസ്യമായ മതാചാരങ്ങൾ ഇത്തരത്തിൽ അനുവദിക്കാനാവില്ലെന്ന് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രധാനധ്യാപിക അറിയിക്കുകയും ചെയ്തതാണ്. തുടർന്നുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ മാതാപിതാക്കളെ വിളിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ നിയമങ്ങളും, ഭരണഘടന അനുവദിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും അടിസ്‌ഥാനമാക്കിയുള്ള മാനേജ്മെൻ്റിൻ്റെ നിലപാട് വ്യക്തമാക്കി.
ഈ വിഷയത്തിൽ കത്തോലിക്കാ മാനേജ്‌മെൻ്റ് സ്‌കൂളുകളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തമാണ്. മത ന്യൂനപക്ഷ സ്ഥാപനങ്ങൾ എന്ന നിലയിൽ കത്തോലിക്കാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ക്രൈസ്‌തവ വിശ്വാസവും സംസ്‌കാരവും പൈതൃകവും നിയമാനുസൃതമായി പരിരക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു തരുന്നുണ്ട്. എന്നാൽ മുസ്ളീം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് Kt (Kerala Education Rules) അനുസരിച്ച് പൊതുവിദ്യാലയങ്ങളിൽ സർക്കാർ അനുവദിച്ചിട്ടുള്ള ആരാധന സമയ ക്രമീകരണം വെള്ളിയാഴ്‌ചകളിൽ ഉച്ചക്ക് രണ്ടുമണിക്കൂർ വരെ എന്നതാണ്. ഈ സൗകര്യം കുട്ടികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. നിയമാനുസൃതമല്ലാത്ത മറ്റു ക്രമീകരണങ്ങളും പതിവായി പുറത്തു പോകാൻ അനുവാദം നൽകുന്നതും സ്‌കൂളിൻ്റെ പൊതുസമയക്രമം അച്ചടക്കം കൂട്ടികളുടെ സുരക്ഷ എന്നിവയെ ബാധിക്കുന്നതിനാലും കൂടാതെ സമൂഹത്തെ ഗുരുതരമായി കാർന്നു തിന്നുകൊണ്ടിരിക്കുന്ന മയക്കു മരുന്ന് മാഫിയയുടെ ഭീഷണി സംബന്ധിച്ച് പോലീസ് അധികാരികളുടെ മൂന്നറിയിപ്പ് നിലനിൽക്കുന്നതിനാലും നിയമാനുസൃതമല്ലാത്ത ആനുകൂല്യങ്ങൾ ക്രൈസ്‌തവ മാനേജ്‌മെൻ്റിന് കീഴിലുള്ള എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകാനാവില്ല.
ക്രൈസ്‌തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽ നിരന്തരം ഉയരുന്ന ഇത്തരം ഭീഷണികൾ മതേതര സമൂഹത്തിന് ചേർന്നതല്ല. സമൂഹത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും വിദ്യാലയങ്ങളിലെ അച്ചടക്കവും നശിപ്പിക്കുന്ന യാതൊരു തരത്തിലുള്ള കടന്നു കയറ്റങ്ങളും അംഗീകരിക്കാനാവില്ല എന്ന് കത്തോലിക്കാ കോൺഗ്രസ്, കോതമംഗലം രൂപത ജാഗ്രത സമിതി എന്നിവർ സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.