India - 2025

മനുഷ്യാവകാശം നിഷേധിക്കപ്പെട്ടവരുടെ സമരത്തെ തീവ്രവാദബന്ധം ആരോപിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: കോതമംഗലം രൂപത

പ്രവാചകശബ്ദം 03-12-2022 - Saturday

കോതമംഗലം: മനുഷ്യാവകാശങ്ങളും സാമാന്യനീതിയും നിഷേധിക്കപ്പെട്ടു സ്വന്തം വീടും ജോലിസ്ഥലവും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തെ തീവ്രവാദബന്ധം ആരോപിച്ചു തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാടു പ്രതിഷേധാർഹമാണെന്നു കോതമംഗലം രൂപത. വികസന പ്രവർത്തനമെന്ന പേരിൽ നടത്തുന്ന ഇത്തരം അപ്രഖ്യാപിത കുടിയിറക്കുകൾ എല്ലാംതന്നെ സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരെയാണു നാളിതുവരെ ഗുരുതരമായി ബാധിച്ചിട്ടുള്ളത്. ഇത്തരം വൻകിട പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെട്ടവർക്കു ന്യായമായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചിട്ടില്ല എന്നതു ചരിത്രപരമായ വസ്തുതയാണെന്ന് കോതമംഗലം രൂപത ചൂണ്ടിക്കാട്ടി.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ജീവിക്കാൻ വേണ്ടി നടത്തിവരുന്ന ഐതിഹാ സികമായ സമരപോരാട്ടത്തെ ഏതുവിധേനയും തകർക്കാനുള്ള സർക്കാർ ശ്രമങ്ങൾ ജനാധിപത്യസമൂഹത്തിനു ചേർന്നതല്ല. കുത്സിത മാർഗങ്ങൾ ഉപയോഗിച്ചു സമരത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയ താല്പര്യങ്ങളോടെയുള്ള കുബുദ്ധി പ്രബുദ്ധകേരളം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. നിയമപരമായി നടന്നുവരുന്ന സമരത്തെ അക്രമാസക്തമാക്കി അടിച്ചൊതുക്കി വിയോജിപ്പുകളെ കായികമായി കൈകാര്യം ചെയ്യുന്ന ശൈലി ജനാധിപത്യ കേരളത്തിനു ചേർന്നതല്ല. തീരപ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളോട് ഒപ്പം നിന്ന് അവർക്ക് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനും സഹായ മെത്രാനും എതിരേ അകാരണമായി കേസുകൾ ചുമത്തിയിട്ടുള്ളത് ന്യായീകരിക്കാനാവില്ല.

പാവങ്ങളുടെ സർക്കാർ എന്നവകാശപ്പെടുന്നതോടൊപ്പം കുത്തക മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന രീതിയാണ് കേരളത്തിലെ സർക്കാർ ഇപ്പോൾ പിന്തുടരുന്നത്. നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തെ തീവ്രവാദ പ്രവർത്തനമായും വർഗീയ സംഘർഷമായും അവതരിപ്പിക്കുന്ന ശൈലി അപകടകരമാണ്.

അക്രമവും അപക്വമായ പ്രതികരണങ്ങളും ആരുടെ ഭാഗത്തുനിന്നായാലും ന്യായീകരിക്കാനാവില്ല. കേരളത്തിന്റെ മുഖ്യമന്ത്രി പ്രളയസമയത്ത് രക്ഷാസൈന്യം' എന്നു വിശേഷിപ്പിച്ച മ ത്സ്യത്തൊഴിലാളികളെ ഇപ്പോൾ തീവ്രവാദികൾ, വികസന വിരോധികൾ എന്ന രീതിയിൽ പൊതുസമൂഹത്തിൽ ആക്ഷേപിച്ചു പ്രസ്താവനകൾ ഇറക്കുന്നത് സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അവസരവാദത്തിന്റെയും ഇരട്ടത്താപ്പിന്റെയും ഉദാഹരണങ്ങളാണ്. വിഴിഞ്ഞത്തെ തീരദേശജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് മുൻകൈ എടുക്കണമെന്ന് കോതമംഗലം രൂപത ആവശ്യപ്പെട്ടു.


Related Articles »