India - 2025
കാട്ടാനയുടെ ആക്രമണം: പ്രതിഷേധ ജ്വാലയുമായി കോതമംഗലം രൂപത
പ്രവാചകശബ്ദം 05-03-2024 - Tuesday
കോതമംഗലം: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തിയും അധികാരി കളുടെ നിരുത്തരവാദപരമായ സമീപനത്തിൽ പ്രതിഷേധിച്ചും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും വനം വകുപ്പ് അധികൃതരും അധികാരികളും കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തിൽ പുലർത്തുന്നതെന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടി.
വന്യജീവികൾ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെ ന്നിരിക്കേ മനുഷ്യത്വരഹിതമായ നിഷ്ക്രിയത്വം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അധികൃതർ നിഷ്ക്രിയത്വം തുടർന്നാൽ അതിശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടിവരുമെന്നും പ്രതിഷേധ ജ്വാലയില്‍ മുന്നറിയിപ്പ് നല്‍കി. കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനിൽ മാർ ജോർജ് മഠത്തിക്കണ്ടെത്തിൽ സമരജ്വാല തെളിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾമാരായ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, മോൺ. ഫ്രാൻസിസ് കീരമ്പാറ, ഇൻഫാം രൂപത ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാ റേക്കൂറ്റ്, കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ, കത്തോലിക്കാ കോൺഗ്രസ് ഫൊറോന പ്രസിഡൻ്റ് സണ്ണി കടുതാഴെ, ഫാ. തോമസ് ജെ. പറയിടം, ഷൈജു ഇഞ്ചക്കൽ എന്നിവർ പ്രസംഗിച്ചു.
