News - 2024

നിയുക്ത കർദ്ദിനാളുന്മാരുടെ പട്ടികയിലേക്ക് നേപ്പിള്‍സ് ആർച്ച് ബിഷപ്പും

പ്രവാചകശബ്ദം 05-11-2024 - Tuesday

വത്തിക്കാന്‍ സിറ്റി: പുതിയ കര്‍ദ്ദിനാളുമാരുടെ പട്ടികയിലേക്ക് ഇറ്റലിലെ നേപ്പിള്‍സ് ആര്‍ച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയയെ ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം. 2020 ഡിസംബർ മുതൽ അതിരൂപതയെ നയിക്കുന്ന നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള തീരുമാനം ഇന്നലെ തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. മാര്‍പാപ്പയുടെ തീരുമാനം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് മേധാവി മത്തേയൊ ബ്രൂണി മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 6ന് മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ തീരുമാനിച്ച 21 പേരുകൾ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരിന്നു. ഇതിന് പിന്നാലെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഇന്തോനേഷ്യയിലെ ബോഗോർ രൂപതാധ്യക്ഷന്‍ ബിഷപ്പ് പാസ്കലിസ് ബ്രൂണോ, വൈദിക ജീവിതം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കര്‍ദ്ദിനാള്‍ പദവി നിരസിച്ചു. ഈ സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനത്തോടെ നിയുക്ത കർദ്ദിനാളുന്മാരുടെ സംഖ്യ 21 ആയിത്തന്നെ തുടരും. ഡിസംബർ 7ന് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന കൺസ്റ്ററിയിലാണ് കര്‍ദ്ദിനാളുമാരുടെ സ്ഥാനാരോഹണം നടക്കുക. ഇവരിൽ പാപ്പയുടെ ഇടയസന്ദർശനങ്ങളുടെ സംഘാടന ചുമതലയുള്ള മലയാളിയും ചങ്ങനാശ്ശേരി അതിരൂപതാംഗവുമായ മോൺ. ജോർജ് കൂവക്കാടുമുണ്ട്.

തൻറെ പേരു നിയുക്ത കർദ്ദിനാളുന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം അത്ഭുതപ്പെടുത്തിയെന്ന് ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ പ്രതികരിച്ചു. എറ്റവും ദുർബലരും പാവപ്പെട്ടവരുമായവർക്കിടയിലും പ്രവർത്തിക്കുന്ന നിയുക്ത കർദ്ദിനാൾ ആർച്ച് ബിഷപ്പ് "ഡോൺ മിമ്മോ" എന്നാണ് പരക്കെ അറിയപ്പെടുന്നത്. കർദ്ദിനാൾ സ്ഥാനം സേവനവും ഉത്തരവാദിത്വവും ആണെന്ന് അദ്ദേഹം പറഞ്ഞു. നിയുക്ത കര്‍ദ്ദിനാളുമാരില്‍ 5 പേർ ഇറ്റലിക്കാരാണ്. 5 തെക്കേ അമേരിക്കക്കാർ ഉൾപ്പെടെ 6 പേർ അമേരിക്കയിൽ നിന്നുള്ളവരും 3 പേർ ഏഷ്യയില്‍ നിന്നുള്ളവരുമാണ്.


Related Articles »