News
ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയിരിന്ന ഇസ്രായേലി സ്വദേശികളെ സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 15-11-2024 - Friday
വത്തിക്കാന്‍ സിറ്റി: ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയിരിന്ന ഇസ്രായേലി സ്വദേശികളെ വത്തിക്കാനില്‍ സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ. ഹമാസ് ഭീകരസംഘം തട്ടിക്കൊണ്ടുപോയി ഗാസയിൽ മാസങ്ങളോളം തടവിലാക്കിയ ശേഷമാണ് ഇവര്‍ മോചിതരാകുന്നത്. ഇന്നലെ വ്യാഴാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക് അരമനയിലെ ലൈബ്രറിയിൽവെച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഇവരെ സ്വീകരിച്ചത്. പാപ്പ കൂടിക്കാഴ്ച നടത്തിയ സംഘത്തില്‍ ഹമാസ് ഇപ്പോഴും മോചനം നല്‍കാത്ത ബന്ദികളാക്കിയവരുടെ ബന്ധുക്കളുമുണ്ടായിരിന്നു.
2023 ഒക്‌ടോബർ 7നു ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ അധിനിവേശം നടത്തി ആക്രമണം നടത്തിയതോടെയാണ് വിശുദ്ധ നാട് വീണ്ടും യുദ്ധക്കളമായത്. ആക്രമണത്തിനു പിന്നാലേ 240 പേരെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. 240 പേരുടെയും ബന്ധുക്കൾ ചേർന്ന് രൂപീകരിച്ച സംഘടനയായ ഹോസ്റ്റേജ് ആന്‍ഡ് മിസ്സിംഗ് ഫാമിലീസ് ഫോറത്തിന്റെ നേതൃത്വത്തിലായിരിന്നു പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ഫ്രാൻസിസ് മാർപാപ്പയെ കാണിച്ചു.
ഇത് മൂന്നാം തവണയാണ് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരുടെ ബന്ധുക്കളുമായും മോചിതരായവരുമായും കൂടിക്കാഴ്ച നടത്തുന്നത്. ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ വര്‍ഷം നവംബറിലും രണ്ടാമത്തെ കൂടിക്കാഴ്ച ഈ വർഷം ഏപ്രിൽ 8നും നടന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചത് മുതൽ, ഫ്രാൻസിസ് മാർപാപ്പ തൻ്റെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരിന്നു. ബന്ദികളെ മോചിപ്പിക്കാൻ അദ്ദേഹം നിരവധി തവണയാണ് പ്രസ്താവന നടത്തിയത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟