News - 2024
ബിഷപ്പ് ജോൺ റോഡ്രിഗസ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ പിന്‍ഗാമി
പ്രവാചകശബ്ദം 02-12-2024 - Monday
വത്തിക്കാന്‍ സിറ്റി/ മുംബൈ: 10,103 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രൂപതയായ ബോംബെ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി പൂന രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് ജോൺ റോഡ്രിഗസിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇക്കഴിഞ്ഞ ശനിയാഴ്ച (30/11/24)യാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ഡിസംബർ 20ന് 80 വയസ്സ് തികയുന്ന കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ബോംബൈ രൂപതയെ നയിക്കുക. ബിഷപ്പ് ജോൺ ജനുവരി 25ന് മുംബൈ ആർച്ച് ബിഷപ്പ് ഹൗസിൽ താമസം ആരംഭിക്കുമെന്ന് നിലവിലെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.
1967 ഓഗസ്റ്റ് 21ന് മുംബൈയിൽ ജനിച്ച റോഡ്രിഗസ് 1998 ഏപ്രിൽ 1ന് ബോംബെ അതിരൂപത വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ (2000-2002) സിസ്റ്റമാറ്റിക് തിയോളജിയിൽ ലൈസൻസ് നേടി. അന്‍പത്തിയേഴുകാരനായ ബിഷപ്പ് റോഡ്രിഗസ് 2013ൽ പൂന രൂപതയിലേക്ക് മാറുന്നതിന് മുന്‍പ് ഒരു പതിറ്റാണ്ട് ബോംബെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിരിന്നു. 2013 മെയ് 15-നാണ് ബോംബെയിലെ സഹായ മെത്രാനായി നിയമിതനായത്. 2013 ജൂൺ 29-ന് സ്ഥാനാരോഹണം നടന്നു. 2019 മുതൽ അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ബൈബിള്‍ കമ്മീഷനിലെ അംഗമാണ്.
2023 മാർച്ച് 25 മുതൽ അദ്ദേഹം പൂന രൂപതയുടെ മെത്രാനായി ശുശ്രൂഷചെയ്തു വരികയായിരുന്നു. പൂന, സത്താറ, സോലാപൂർ, സാംഗ്ലി, കോലാപൂർ നഗരങ്ങൾ എന്നിവ ഉള്‍പ്പെടുന്നതാണ് പൂനെ രൂപത. 2021-ലെ കണക്കുകള്‍ പ്രകാരം തൊണ്ണൂറായിരത്തോളം കത്തോലിക്ക വിശ്വാസികളാണ് രൂപതയുടെ കീഴിലുള്ളത്. ഒന്നര വര്‍ഷത്തിന് ശേഷം പൂനെയില്‍ നിന്നും പുതിയ കര്‍മ്മ മണ്ഡലത്തിലേക്ക് മാറുകയാണ് അദ്ദേഹം.