News - 2024
അഞ്ചുനില കെട്ടിടത്തിന്റെ ഉയരം; ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം വീണ്ടും സ്പെയിനില്‍
പ്രവാചകശബ്ദം 09-12-2024 - Monday
മാഡ്രിഡ്: ലോകത്തെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച തിരുപ്പിറവിദൃശ്യം സ്പെയിനില്‍ വീണ്ടും പ്രദര്‍ശനത്തിന്. സ്പെനിലെ തുറമുഖ നഗരമായ അലിക്കാന്റയില്‍ ഡിസംബര്‍ 7-ന് ഇക്കൊല്ലവും പ്രദര്‍ശനം ആരംഭിച്ചു. വൈകിട്ട് 6 മണിയോടെ റാംബ്ലാ-എക്സ്പ്ലാനഡ ഇന്റര്‍സെക്ഷനില്‍ സംഗീതപരിപാടിക്ക് ശേഷമാണ് തിരുപ്പിറവി ദൃശ്യത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. വര്‍ഷങ്ങളായി അലിക്കാന്റയിലെ ടൌണ്‍ഹാള്‍ സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്ന ഈ പടുകൂറ്റന്‍ തിരുപ്പിറവി ദൃശ്യം ടൌണ്‍ഹാളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എസ്പാസിയോ സെനെക്കായിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഏതാണ്ട് അഞ്ചുനില കെട്ടിടത്തിന്റെ ഉയരം വരുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. 2019-ല്‍ മുതല്‍ക്കെ ഈ തിരുപ്പിറവി ദൃശ്യം ഏറ്റവും ഉയരം കൂടിയ തിരുപ്പിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന്‍ രാജാക്കന്‍മാരേക്കൂടി കൂട്ടിച്ചേര്‍ത്തതോടെ ഇതിനെ ലോകത്തെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യത്തിലെ രൂപങ്ങള്‍ എന്ന നിലയിലും ഇതിനെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് അംഗീകരിച്ചിരിന്നു. പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ഉണ്ണിയേശുവിന്റെ രൂപത്തിന് 3.32 മീറ്റര്‍ ഉയരവും, 3.31 മീറ്റര്‍ വീതിയും, 4.48 മീറ്റര്‍ നീളവുമാണുള്ളത്.
യൗസേപ്പിതാവിന്റെ രൂപത്തിന് 18 മീറ്റര്‍ ഉയരവും, 4.70 മീറ്റര്‍ വീതിയും 3.07 മീറ്റര്‍ നീളവും, പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന് 10.59 മീറ്റര്‍ ഉയരവും, 3.49 മീറ്റര്‍ വീതിയും, 4.28 മീറ്റര്‍ നീളവുമാണുള്ളത്. 1.70 മീറ്റര്‍ ഉയരമുള്ള ഒരാള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിനൊപ്പം നില്‍ക്കുകയാണെങ്കില്‍ രൂപത്തിന്റെ ഏതാണ്ട് കണങ്കാല്‍വരെ മാത്രമേ ഉയരം എത്തുകയുള്ളൂ. പ്രാദേശിക കലാകാരനായ ജോസ് മരിയ ഗാര്‍ഷ്യയാണ് തിരുപ്പിറവി ദൃശ്യത്തിന്റെ നിര്‍മ്മാതാവ്.