Arts - 2025

ഇന്തോനേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി നൂറോളം തിരുപ്പിറവി ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന പുല്‍ക്കൂട് പ്രദർശനം

പ്രവാചകശബ്ദം 24-12-2022 - Saturday

ജക്കാർത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാഷ്ട്രമായ ഇന്തോനേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി നൂറോളം തിരുപ്പിറവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുല്‍ക്കൂട് പ്രദര്‍ശനത്തിന് ആരംഭം കുറിച്ചു. ജാവ പ്രവിശ്യയിലെ ബൊഗോറിലെ ബിയാറ്റെ മരിയെ വര്‍ജിനിസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ഇന്നലെ ഡിസംബര്‍ 23-നാണ് ഉദ്ഘാടനം ചെയ്തത്. ജനുവരി 8 വരെ പ്രദര്‍ശനം നീളും. തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന ‘അഡ്മിറബിളെ സിഗ്നം' എന്ന തന്റെ ശ്ലൈഹീക ലേഖനത്തിലൂടെ കത്തോലിക്ക സഭയുടെ വിശുദ്ധ പാരമ്പര്യങ്ങള്‍ തുടരണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നതെന്ന്‍ പ്രദര്‍ശനത്തിന്റെ കോ-ഓര്‍ഡിനേറ്ററായ ഫാ. അല്‍ഫോണ്‍സസ് സോംബോലിങ്ങി പറഞ്ഞു.

കാര്‍ഡ്ബോര്‍ഡ്, സിമന്റ് തുടങ്ങിയ വിവിധ സാധനങ്ങള്‍ കൊണ്ട് തിരുപ്പിറവി ദൃശ്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ കത്തോലിക്ക കുടുംബങ്ങള്‍ക്ക് പുറമേ, സ്കൂള്‍ വിദ്യാര്‍ത്ഥികളും പങ്കുചേർന്നു. യേശുവിന്റെ തിരുപ്പിറവിയുടെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് ഈ തിരുപ്പിറവി ദൃശ്യങ്ങളുടെ പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന്‍ പറഞ്ഞ ഫാ. സോംബോലിങ്ങി, യേശുവിന്റെ ജനനത്തേക്കുറിച്ച് ഒരു നല്ല ബോധ്യം തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൈമാറാനുള്ള ഒരു അമൂല്യ നിധിയാണ്‌ ഈ ക്രിസ്തുമസ് നിമിഷമെന്ന് കത്തോലിക്ക കുടുംബങ്ങള്‍ തിരിച്ചറിയണമെന്നും ഓർമിപ്പിച്ചു. ഈ ക്രിസ്തുമസ് ഒരു വിശേഷപ്പെട്ട സമയമാക്കി മാറ്റുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും, മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മതവിശ്വാസികള്‍ക്കും വേണ്ടിയുള്ള വിശ്വാസപരമായ ഒരു വിനോദ സഞ്ചാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസം ആഴപ്പെടുത്തുന്നതിന് കത്തോലിക്കരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തിരുപ്പിറവി ദൃശ്യങ്ങള്‍ ഉണ്ടാക്കുന്ന പാരമ്പര്യം കത്തോലിക്ക സഭ നിലനിര്‍ത്തുന്നുണ്ടെന്നും, ദൈവം മനുഷ്യനായി അവതരിച്ചതിന്റെ ദൃശ്യാവിഷ്കാരവും, സുവിശേഷ വല്‍ക്കരണത്തിനുള്ള പുതിയൊരു മാര്‍ഗ്ഗവുമാണിതെന്നും ബോഗോര്‍ മെത്രാനും, ഇന്തോനേഷ്യന്‍ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലുമായ പാസ്കാലിസ് ബ്രൂണോ സ്യൂകുര്‍ പ്രസ്താവിച്ചു. ബോഗോര്‍ സിറ്റി മേയറും, ഇസ്ലാം മതവിശ്വാസിയുമായ ബിമാ ആര്യാ സുഗിയാര്‍ത്തോ പ്രദര്‍ശനത്തെ അഭിനന്ദിച്ചു. എളിമയുടേതായ ഒരു ആഗോളമൂല്യം ലോകത്തെ കാണിച്ചു തന്നത് യേശു ക്രിസ്തുവാണെന്നു അദ്ദേഹം അനുസ്മരിച്ചു. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം പൊതുജീവിതം സാധാരണഗതിയില്‍ എത്തിയതിനാല്‍ ഈ ക്രിസ്തുമസിനെ ഇന്തോനേഷ്യന്‍ ജനത വളരെ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.


Related Articles »