News - 2024

പത്തു കല്‍പ്പനകളുടെ ശിലാഫലകത്തിന് ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ

പ്രവാചകശബ്ദം 20-12-2024 - Friday

ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകള്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും പുരാതനമായ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് 50 ലക്ഷം ഡോളർ. ബൈബിളിലെ കല്‍പ്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. ഏകദേശം 20 ലക്ഷം ഡോളറാണ് പ്രതീക്ഷിച്ചിരിന്നത്. എന്നാല്‍ ഇരട്ടിയിലധികം തുകയ്ക്കാണ് ഫലകം വിറ്റുപോയതെന്ന് ലേല സ്ഥാപനമായ സോത്തെബി വ്യക്തമാക്കി.

എ.ഡി 300-800ന് ഇടയില്‍ റോമന്‍ - ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിലാഫലകം റെയില്‍പാതയുടെ നിര്‍മ്മാണത്തിനിടെ 1913-ല്‍ ഇസ്രയേലില്‍ നിന്നുമാണ് കണ്ടെത്തിയത്. പാലിയോ - ഹീബ്രു ഭാഷയിലാണ് ഫലകത്തില്‍ ദൈവകല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്. പുരാതന സിനഗോഗുകളുടെയും, ദേവാലയങ്ങളുടെയും പേരില്‍ പ്രസിദ്ധമാണ് ഈ ശിലാഫലകം കണ്ടെത്തിയ സ്ഥലം.

ഫലകം പുരാവസ്തുവിന്റെ സമാനതകളില്ലാത്ത പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുകയാണെന്നും അതിനാലാണ് ഇത്രയും തുക ലഭിച്ചതെന്നും സോത്തെബിയുടെ പുസ്തകങ്ങളുടെയും കൈയെഴുത്തു പ്രതികളുടെയും തലവനായ റിച്ചാർഡ് ഓസ്റ്റിൻ പ്രസ്താവിച്ചു. 400-നും 600-നും ഇടയില്‍ റോമന്‍ അധിനിവേശക്കാലത്തോ, പതിനൊന്നാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാലത്തോ ഈ സ്ഥലം മണ്‍മറഞ്ഞുപോയിരിക്കാം എന്നാണ് അനുമാനം. ക്രിസ്ത്യന്‍ - യഹൂദ പാരമ്പര്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ 20 വരികളിലായിട്ടാണ് ഇതില്‍ കല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »