News - 2025
കോംഗോയിൽ സമാധാനത്തിന് വേണ്ടി കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹവും ചേർന്ന് പദ്ധതി
പ്രവാചകശബ്ദം 18-01-2025 - Saturday
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, സമീപദേശങ്ങളിലും സമാധാനത്തിനും സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള കരാർ നിർണ്ണയിക്കുന്നതിനുള്ള പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളും തീരുമാനമെടുത്തു. കോംഗോയിലെ ദേശീയ മെത്രാൻ സമിതിയും, ചർച്ച് ഓഫ് ക്രൈസ്റ്റ് പ്രൊട്ടസ്റ്റന്റ് സമൂഹവും ചേർന്നുകൊണ്ട് കോംഗോയിലും, സമീപ പ്രദേശമായ തടാക മേഖലകളിലും സമാധാനം ഉറപ്പുവരുത്തുന്നതിന്, 2025 ജൂബിലി വർഷത്തിലാണ് വിവിധ പദ്ധതികൾ തയ്യാറാക്കുന്നത്.
രാഷ്ട്രീയവും സായുധവുമായ സംഘട്ടനങ്ങളും, വിഭജനങ്ങളും സാമൂഹിക - സാമ്പത്തിക ബുദ്ധിമുട്ടുകളും, വിനാശകരമായ ആഘാതങ്ങളും കൊണ്ട് വിഷമതയനുഭവിക്കുന്ന ജനങ്ങളുടെ നേരെ ഇനിയും നിസ്സംഗത പാലിക്കുവാൻ പാടില്ലെന്നു ഇരു സമൂഹങ്ങളും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിർത്തികൾ കടന്നുള്ള നല്ല അയല്‍പക്കത്തിന്റെ സംസ്കാരം പുലർത്തുന്നതിനു പദ്ധതി ലക്ഷ്യമിടുന്നുണ്ട്. അവകാശങ്ങൾ നേടിയെടുക്കാൻ ആയുധങ്ങൾ ഉപയോഗിക്കുന്ന തെറ്റായ കീഴ്‌വഴക്കങ്ങൾ ഉപേക്ഷിക്കുവാൻ ഏവരെയും ക്ഷണിക്കുകയാണെന്ന് ഇരു സമൂഹങ്ങളുടെയും നേതൃത്വം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ആഗോളവൽക്കരണത്തിൻ്റെ വെല്ലുവിളികളെ അഭിമുഖീകരിച്ച് ശക്തവും, സമൃദ്ധവുമായ ഒരു ആഫ്രിക്ക കെട്ടിപ്പടുക്കാനും സാമൂഹിക - ആത്മീയ സംരംഭം ലക്‌ഷ്യംവയ്ക്കുകയാണ്. പദ്ധതിയുടെ സുഗമമമായ നടത്തിപ്പിനു വേണ്ടിയുള്ള കമ്മീഷനുകളെ ജനുവരി അവസാനത്തോടെ നിയമിക്കുമെന്നും ഇരു സഭകളുടെയും പ്രതിനിധികൾ അറിയിച്ചു. 2021ലെ കണക്കനുസരിച്ച്, രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 95% ക്രൈസ്തവരാണ്. തുടര്‍ച്ചയായി രാജ്യത്തു ഉണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങളും വേരൂന്നിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദവും വലിയ രീതിയില്‍ ഇപ്പോള്‍ ആശങ്കയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟