News - 2025
പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിന് ശേഷം ഇതാദ്യമായി ബ്രിട്ടനിലെ കിരീടധാരണ ചടങ്ങിൽ കത്തോലിക്ക സഭാപ്രതിനിധികളും
പ്രവാചകശബ്ദം 05-05-2023 - Friday
ലണ്ടന്‍: ഇംഗ്ലണ്ടില്‍ കത്തോലിക്ക സഭയിൽ നിന്ന് വേർപെട്ട് ആംഗ്ലിക്കൻ സഭയായി മാറിയ പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിന് ശേഷം ഇതാദ്യമായി ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കത്തോലിക്കാ സഭാ പ്രതിനിധികളും. നാളെ മെയ് ആറാം തീയതി ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്റെയും രാജ്യത്തെ കത്തോലിക്കാ സഭയുടെ തലവനും വെസ്റ്റ്മിൻസ്റ്റർ കത്തോലിക്കാ ആർച്ച് ബിഷപ്പുമായ കർദിനാൾ വിൻസെന്റ് നിക്കോൾസിന്റെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമാകും. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് കത്തോലിക്കാ സഭയുടെ പ്രതിനിധികള്‍ രാജ്യത്തെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്നത്.
ക്ഷണം ലഭിച്ച ബ്രിട്ടനിൽ നിന്നുള്ള മറ്റു ക്രൈസ്തവ സഭാ തലവൻമാരും വെസ്റ്റ് മിന്‍സ്റില്‍ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കും. 1953 മുതലുള്ള എക്യുമെനിക്കൽ ബന്ധങ്ങളുടെ പുരോഗതി മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കൾക്ക് ചടങ്ങിന്റെ അനുഗ്രഹം പങ്കിടാൻ സാധിക്കുമെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രസ്താവിച്ചു. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ആയിരിക്കും ചാൾസ് മൂന്നാമനെ കിരീടം ധരിപ്പിക്കുക. ഇതിനുശേഷം വെസ്റ്റ് മിനിസ്റ്റർ അബേയുടെ മണികൾ രണ്ടു മിനിറ്റോളം മുഴങ്ങും.
ചടങ്ങുകൾക്ക് മുന്നോടിയായി നിയുക്ത രാജാവിന് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഇംഗ്ലണ്ടിലെയും, വെയിൽസിലെയും മെത്രാൻ സമിതി പ്രാർത്ഥനാ കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് അഞ്ചാം തീയതി വരെ രാജാവിനും, രാജ്ഞിക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് മെത്രാൻ സമിതിയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ നിക്കോൾസ് രാജ്യത്തെ ഓരോ കത്തോലിക്കാ വിശ്വാസികളോടും ആഹ്വാനം ചെയ്തു. ഇന്നു വെള്ളിയാഴ്ച വൈകുന്നേരം ഈ നിയോഗത്തിനുവേണ്ടി ഒരു വിശുദ്ധ കുർബാന അർപ്പിക്കണമെന്നും മെത്രാൻ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് രാജകുമാരൻ രാജാവായി അവരോധിക്കപ്പെട്ടത്.