India - 2024

ക്രിസ്തുവിന്റെ സന്ദേശം ഉള്‍കൊണ്ട് ആരംഭിച്ച 'അഞ്ചപ്പം' ട്രസ്റ്റ് ശ്രദ്ധേയമാകുന്നു; ആദ്യ ഭക്ഷണശാലയുടെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം നിര്‍വ്വഹിക്കും

സ്വന്തം ലേഖകന്‍ 05-10-2016 - Wednesday

കോഴഞ്ചേരി: ക്രിസ്തു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ സംഭവത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍കൊണ്ട് ആഹാരത്തിനു ബുദ്ധിമുട്ടുന്നവർക്കു സൗജന്യ ഭക്ഷണപ്പൊതികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന അഞ്ചപ്പം ട്രസ്റ്റിന്റെ ആദ്യ ഭക്ഷണശാല ഈ വരുന്ന ഒക്ടോബര്‍ ഒമ്പതാം തീയതി മൂന്നു മണിക്ക് കോഴഞ്ചേരിയിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എംഎൽഎയും ചലച്ചിത്ര സംവിധായകൻ ബ്ലെസിയും മുഖ്യാതിഥികളായിരിക്കും.

ഫാ. ബോബി ജോസ് കട്ടിക്കാട് വിഭാവനം ചെയ്ത ആശയം വിവിധ മേഖലകളിലുള്ള മനുഷ്യസ്നേഹികള്‍ വികസിപ്പിച്ചപ്പോൾ അഞ്ചപ്പം ട്രസ്റ്റ് ഉടലെടുക്കുകയായിരിന്നു. ‘ഇതുവഴിയാരും വിശന്നു പോകരുത്’ എന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ വാക്കുകളാണ് ട്രസ്റ്റിന്റെ ആപ്ത വാക്യം. കഷ്ടപ്പെടുന്നവനെ കരുതാൻ ഫാ. ബോബി ജോസ് കട്ടിക്കാട് മുന്നോട്ടു വച്ച ആശയം യാഥാർഥ്യമാക്കാൻ മനുഷ്യസ്നേഹികൾക്കു പങ്കു ചേരാൻ ചില ചെറു പദ്ധതികളുമൊരുക്കിയിട്ടുണ്ട്.

അപ്പക്കൂട്ട് എന്ന് അദ്ദേഹം പേരിട്ട സേവനപദ്ധതിയാണ് അതിലൊന്ന്. സാമ്പത്തികമായി കഴിവുള്ളവർക്ക് ആറു മാസമെങ്കിലും പദ്ധതിയെ സഹായിക്കാം. ഏറെക്കാലം ഒരേ ആളുകൾക്കു തുടരാൻ കഴിഞ്ഞേക്കില്ല എന്നതിനാലാണ് ആറു മാസമെന്ന വ്യവസ്ഥ. പദ്ധതിയുടെ മറ്റൊരു മേഖലയാണ് അർച്ചന. ഭക്ഷണം വിളമ്പാനും അടുക്കളയിൽ സഹായിക്കാനും ആർക്കും പങ്ക് ചേരാം.

കോഴഞ്ചേരിയിൽ പരീക്ഷണാർഥം പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ പ്രതീക്ഷിച്ചതിലേറെ ആളുകൾ എത്തുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിച്ചിട്ട് ട്രസ്റ്റിന്റെ സേവനങ്ങൾക്കൊരു കൈത്താങ്ങായി വിലയെക്കാൾ അധിക തുക സമ്മാനിക്കാം. അത് പാവങ്ങൾക്കു സൗജന്യ ഭക്ഷണം നൽകാൻ ഉപകരിക്കും. ഭാവിയിൽ പത്തനംതിട്ടയിലും ഭക്ഷണശാല തുറക്കാൻ ട്രസ്റ്റിന് പദ്ധതിയുണ്ട്. ഉള്ളവൻ ഇല്ലാത്തവനുമായി പങ്കിട്ടു കഴിക്കുന്ന നിർമലമായ അനുഭവം 'അഞ്ചപ്പം' ട്രസ്റ്റിലൂടെ സാധ്യമാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.