India - 2024

ചമ്പക്കുളം കല്ലൂര്‍ക്കാട്‌ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിക്കു ബസലിക്ക പദവി

സ്വന്തം ലേഖകന്‍ 16-10-2016 - Sunday

ചങ്ങനാശേരി: ചമ്പക്കുളം കല്ലൂര്‍ക്കാട്‌ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിക്കു ചങ്ങനാശേരി അതിരൂപതയിലെ ആദ്യ ബസലിക്കാ പദവി. അതിരൂപതയിലെ ദേവാലയങ്ങളില്‍ പാരമ്പര്യംകൊണ്ടും പൗരാണികത കൊണ്ടും പ്രസിദ്ധവും കുട്ടനാട്ടിലെ ക്രൈസ്‌തവ ദേവാലയങ്ങള്‍ക്കു മാതൃകാ സ്‌ഥാനമലങ്കരിക്കുന്നതുമായ ചമ്പക്കുളം ഫൊറോനാ പള്ളിയെ ബസലിക്കയായി ഉയര്‍ത്തി കഴിഞ്ഞ സെപ്റ്റംബര്‍ 20 നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഒപ്പുവച്ചിരുന്നു.

അതിരൂപതാതല ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 27ന്‌ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ നടക്കും. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്‌ഥാപിതമായ ഏഴര പള്ളികള്‍ക്കുശേഷം രണ്ടാം ഘട്ടത്തില്‍ സ്‌ഥാപിക്കപ്പെട്ട ദേവാലയങ്ങളില്‍ പുരാതന പ്രസിദ്ധമാണു കല്ലൂര്‍ക്കാട്‌ പള്ളി. എഡി 427 ഡിസംബർ 28 നാണ് ഈ ദേവാലയം സ്‌ഥാപിച്ചത്.

പല തവണ നവീകരണം നടത്തിയതായി ചരിത്ര രേഖകളിലുണ്ട്‌.1544-ല്‍ ചെമ്പകശേരി രാജാവിന്റെ താല്‍പ്പര്യത്തിലും സഹകരണത്തിലും പള്ളിയുടെ നവീകരണം നടത്തി.1720 ല്‍ പുതിയ പള്ളി നിര്‍മിക്കാന്‍ തീരുമാനിക്കുകയും 1730 ല്‍ നിര്‍മാണം പൂര്‍ത്തിയാകുകയും ചെയ്‌തു. 1290 കുടുംബങ്ങളും ഏഴായിരത്തിലേറെ അംഗങ്ങളുമാണ് ഇടവകയിലുള്ളത്. ഈ ഫൊറോനയുടെ കീഴിൽ 15 ഇടവകകളും അഞ്ച് കുരിശുപള്ളികളുമുണ്ട്.